മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന് ശേഷമുള്ള ആദ്യത്തെ മഴക്കാലം പിന്നിടുമ്പോൾ വയനാട് ജില്ലയിൽ മഴ മൂലമുള്ള അപകട മരണങ്ങൾ പൂജ്യം. ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും മറ്റ് വകുപ്പുകളുടെയും മാസങ്ങൾ നീണ്ട മുൻകരുതലുകൾക്കും ഇടപെടലിനും ഫലംകണ്ടു.

സംസ്ഥാനത്തിന്റെയും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും ഹ്യൂം സെന്ററിന്റെയും നേതൃത്വത്തിൽ ജില്ലയിൽ ഉടനീളം സ്ഥാപിച്ച 140 മഴ മാപിനികൾ മുഖേന ദിനേനയുള്ള മഴയുടെ തോത് എടുത്താണ് മുൻകരുതൽ ശക്തിപ്പെടുത്തിയത്. വയനാട്ടിൽ മാത്രമാണ് ഇത്രയും മഴ മാപിനികളുള്ളത്.  മൈക്രോ ഡാറ്റ വഴി മഴപെയ്ത്ത് കൂടുതൽ ലഭിച്ച പ്രദേശങ്ങൾ തിരിച്ചറിഞ്ഞു അവിടങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. അത്തരം പ്രദേശങ്ങൾ ഭൂകമ്പ സാധ്യത സ്ഥലം ആണെങ്കിൽ കൂടുതൽ ജാഗ്രത പുലർത്തി.
വിവിധ മഴ മാപിനികൾ വഴി ശേഖരിക്കുന്ന ജില്ലയിലെ മഴയുടെ അളവ് dmsuite.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് പൊതുജനത്തിനും പ്രാപ്യമാക്കി. സംസ്ഥാനത്ത് വയനാട്ടിൽ മാത്രമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ഇത്തരമൊരു വെബ്സൈറ്റ് ഉള്ളത്.

ഈ മഴക്കാലത്ത് ഇത്തരത്തിൽ 227 കുടുംബങ്ങളെയാണ് അപകട സാധ്യത കണക്കിലെടുത്ത് 19 ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചത്. സന്നദ്ധ സേവനത്തിനായി ജില്ലയിലെ ഓരോ ഗ്രാമപഞ്ചായത്തിലും 40 അംഗ എമർജൻസി റെസ്പോൺസ് ടീമിനെ (ഇആർടി) നിർത്തിയിരുന്നു. സന്നദ്ധ സേന വളണ്ടിയർമാർ, എൻസിസി, എൻഎസ്എസ്, എസ്പിസി, കോളജ് വിദ്യാർത്ഥികൾ, യുവതീ യുവാക്കൾ എന്നിവർ ഉൾപ്പെടുന്ന ഇആർടിയ്ക്ക് മഴയ്ക്ക് മുമ്പ് തന്നെ ഓരോ ഗ്രാമപഞ്ചായത്ത് തലത്തിലും പരിശീലനം നൽകി. ജില്ലയിലെ 30-അംഗ എൻഡിആർഎഫ് സേനയെ ഉപയോഗിച്ച് സ്കൂളുകൾ കേന്ദ്രീകരിച്ചു വിദ്യാർത്ഥികൾക്ക് സുരക്ഷാ പരിശീലനവും നൽകി.
ജില്ലയിലെ ക്വാറികൾ, മണ്ണൊലിപ്പ് സാധ്യതയുള്ള പ്രദേശങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സൂക്ഷമമായി നിരീക്ഷിച്ചു. റെഡ്, ഓറഞ്ച് അലർട്ടുള്ള ദിവസങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചും ക്വാറി പ്രവർത്തനം നിർത്തിവെച്ചും ജാഗ്രത പുലർത്തി.ബാണാസുര സാഗർ അണക്കെട്ടിലെ ഷട്ടർ ഉയർത്തുന്നതിന് മുമ്പ് കർണാടക ബീച്ചനഹള്ളി അണക്കെട്ട് അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തി ജലത്തിന്റെ സുഗമവും അപകടരഹിതവുമായ ഒഴുക്ക് ഉറപ്പാക്കി. ഷട്ടർ ഉയർത്തുന്നതിന് മുമ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ഏപ്രിൽ മാസത്തിൽ തന്നെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മഴ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ ഒഴിപ്പിച്ചും മരങ്ങൾ മുറിച്ചുമാറ്റിയും ഓടകൾ വൃത്തിയാക്കിയും  ജാഗ്രത പുലർത്തി. ആഴ്ച്ചയിൽ ഒന്ന് എന്ന രീതിയിൽ യോഗങ്ങൾ ചേർന്ന് അവലോകനം നടത്തി. കളക്ടറേറ്റിലെ ജില്ലാ അടിയന്തര കാര്യനിർവഹ കേന്ദ്രം (ഡിഇഒസി) 24x7 പ്രവർത്തിച്ചു.