മാനന്തവാടി:  വെള്ളമുണ്ട പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവര്‍ത്തികളിലെ ക്രമക്കേട് സമഗ്ര അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്. റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തികളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടുത്തി  പ്രാദേശിക തൊഴിലാളികള്‍ക്ക് അവസരം നിഷേധിക്കുകയാണെന്നും ഇതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അധികൃതര്‍ക്ക് പരാതി നല്‍കി. 
തൊണ്ടര്‍നാട് പഞ്ചായത്തിന് പിന്നാലെയാണ്  വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലും തൊഴിലുറപ്പ് പ്രവര്‍ത്തികളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്. കാപ്പുമ്മല്‍ പാലത്തിങ്കല്‍ പടി നടപ്പാത കോണ്‍ക്രീറ്റ് പ്രവൃത്തിയില്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്. തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ ഇതു മൂലം നഷ്ടപ്പെട്ടുവെന്നും ഇതു സംബന്ധിച്ച് ഓംബുഡ്‌സ്മാന് പരാതി നല്‍കുകയും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഇനി തുടരില്ലെന്നുമുള്ള ഉറപ്പ്നല്‍കിയിരുന്നുവെന്നും നേതാക്കള്‍ പറയുന്നു. എന്നാല്‍ ആ ഉറപ്പ് വാക്കാല്‍ മാത്രമാണെന്നും വീണ്ടും പഞ്ചായത്ത് ക്രമക്കേടുകള്‍ നടത്തിയെന്നും നേതാക്കള്‍ ആരോപിക്കുന്നു.ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ മറവില്‍ കോണ്‍ക്രീറ്റ് പ്രവര്‍ത്തികളിലും, മറ്റ് വര്‍ക്കുകളിലും ക്രമക്കേട് നടക്കുന്നുണ്ടെന്നും ഇത് പരിശോധിച്ച് കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, ഓംബുഡ്‌സ്മാന്‍, പോഗ്രാം ഓഫീസര്‍ തുടങ്ങിയവര്‍ക്ക് കോണ്‍ഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മിറ്റി  പരാതി നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.