
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ജനശബ്ദം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വയനാട് കലകട്റേറ്റും റോഡും ഉപരോധിക്കും. മുഴുവൻ ദുരന്തബാധിതരെയും പുന രധിവാസ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്ന് ഭാരവാഹികൾ വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മുണ്ടക്കൈ ഉരുൾ ദുരന്ത ബാധിതരുടെ ഗുണഭോക്തൃലിസ്റ്റിൽ വ്യാപക തിരിമറി നടന്നതാണ് ജനശബ്ദം കർമ സമിതിയുടെ ആരോപണം . നിരവധി അനർഹർ പട്ടികയിൽ കടന്നു കൂടിയപ്പോൾ അർഹർക്ക് ഇടം ലഭിച്ചുമില്ല. വർഷങ്ങൾക്ക് മുമ്പ് ദുരന്ത മേഖലയിൽ താമസിച്ചിരുന്നവർ പട്ടികയിൽ ഇടം നേടിയപ്പോൾ മറ്റു പലരും പുറത്തായി. റേഷൻ കാർഡ് മാനദണ്ഡമാക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയതെന്ന് പറയുമ്പോൾ തന്നെ ഒരേ റേഷൻ കാർഡിൽ ഉള്ള രണ്ടുപേർക്ക്് രണ്ടു വീടുകൾ ലഭിച്ചു. എന്നാൽ എട്ടു പേർ ഒരേ കുടുംബത്തിലുണ്ടായിട്ടും രണ്ടു മുറിയുള്ള ഒറ്റ വീടാണ് അനുവദിച്ചത്. സ്ഥലം മാറിപ്പോയ വില്ലേജ് ഓഫീസർ ഉൾപ്പടെയുള്ളവർ ചേർന്നാണ് ഇത്തരം തിരിമറികൾ നടത്തിയതെന്നും വില്ലേജ് ഓഫിസർക്കെതിരേ സാമ്പത്തിക അഴിമതി ആരോപിച്ച് വിജിലൻസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. അവസാനം പ്രസിദ്ധീകരിച്ച 49 പേരുടെ ലിസ്റ്റിൽ 12 പേരും അനർഹരാണ്. 173 പേർ ഇപ്പോഴും ഗുണഭോക്തൃ ലിസ്റ്റിന് പുറത്താണ്. ഇവരെ മുഴവൻ പട്ടികയിൽ ഉൾപെടുത്തണമെന്നാണ് ജനശബ്ദത്തിനൻറെ ആവശ്യം.
ദുരന്ത നിവാരണ അതോറിറ്റി ഉപജാപക സംഘത്തിനൻറെ പിടിയിലാണെന്ന് സംശയിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ദുരന്ത ബാധിതർ പ്രകടനമായി എത്തിയാണ് കലക്ടറേറ്റ് ഉപരോധവും കലക്ടറേറ്റിന് മുന്നിൽ ദേശീയ പാത ഉപരോധവും നടത്തുക. ടൗൺഷിപ്പിൽ ഇടമില്ല, ജീവിക്കണോ മരിക്കണോ എന്നാണ് സമരത്തിനൻറെ മുദ്രാവാക്യം. ആക്ഷൻ കമ്മിറ്റി ചെയർമാൻ നസീർ ആലക്കൽ, വർക്കിങ് ചെയർമാൻ കെ. ഉസ്മാൻ, ജോയിന്റ് കൺവീനർ കെ. ജിജീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Comments (0)
No comments yet. Be the first to comment!