
കല്‍പ്പറ്റ: മഴയറിഞ്ഞ് മണ്ണറിഞ്ഞ് മഴയുത്സവത്തിന്റെ 80 നാളുകള്‍ ആഘോഷമാക്കി കുടുംബശ്രീ ബാലസഭ കുട്ടികള്‍. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഴയുത്സവത്തിന്റെ സമാപന സമ്മേളനവും ലിയോറ ഫെസ്റ്റ് ഇന്നോവേഷന്‍ കോണ്‍ക്ലേവ് പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും നടത്തി. സമ്മേളനം ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
കല്‍പ്പറ്റ എന്‍ എസ് എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലയിലെ സി.ഡി.എസ്സുകളില്‍ നിന്നായി ഇരുന്നൂറോളംകുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. കുടുംബശ്രീ ബാലസഭാ കുട്ടികള്‍ക്കായി ജൂണ്‍ മാസത്തില്‍ ആരംഭിച്ച മഴയുത്സവം തുടര്‍ച്ചയായി എണ്‍പതു ദിവസത്തിലധികം വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. മഡ് ഫുട്‌ബോള്‍, മഡ് കബഡി, ശാസ്ത്രക്ലാസുകള്‍,കുട അലങ്കാരം, കടലാസ് തോണി നിര്‍മാണം, മഴചൊല്ലുകളുടെ അവതരണം, സ്റ്റാന്‍ഡ് അപ്പ് കോമഡി, മഴയോര്‍മകളുടെ അവതരണം, മഴവെള്ള സംഭരണ രീതികളുടെ അവതരണം, മഴയുമായി ബന്ധപ്പെട്ട കഥാ രചന, കവിത രചന, മഴ ഫോട്ടോഗ്രാഫി, ഫോട്ടോ അടിക്കുറിപ്പ്, പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍, കാര്‍ട്ടൂണ്‍രചന, കൊളാഷ് നിര്‍മാണം എന്നിങ്ങനെ നിരവധി മത്സരങ്ങളും പരിപാടികളും ബാലസഭകളിലും, സി.ഡി.എസ്‌കളിലും ജില്ലാതലത്തിലുമായി സംഘടിപ്പിച്ചു. വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജുനൈദ് കൈപ്പാണി അധ്യക്ഷനായി. ലിയോറ ഫെസ്റ്റ് ഇന്നോവേഷന്‍ കോണ്‍ക്ലേവ് അന്താരാഷ്ട്ര ഉച്ചകോടി എന്നിവയില്‍ പങ്കെടുത്ത കുട്ടികളെ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീയുംക്ഷേമകാര്യാ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ ജുനൈദ് കൈപ്പാണിയും ചേര്‍ന്ന് മൊമെന്റോ നല്‍കി ആദരിച്ചു. ജില്ലാ തല മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ്സലീന, എ.ഡിഎം.സിവി.കെ.റജീന എന്നിവര്‍ വിതരണം ചെയ്തു. ജില്ലാ തലത്തില്‍ നടത്തിയ മത്സരങ്ങളില്‍ 56 പോയിന്റുമായി മാനന്തവാടി സി.ഡി.എസ് 2 ഒന്നാം സ്ഥാനം നേടി.46 പോയിന്റ് നേടി തരിയോട് സിഡിഎസ് രണ്ടാം സ്ഥാനം കരസ്തമാക്കി. 17 പോയിന്റുകള്‍ നേടി വെങ്ങപ്പള്ളി സിഡിഎസ്സും പനമരം സിഡിഎസ്സും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു.ലിയോറ ഫെസ്റ്റ് ഇന്നോവേഷന്‍ അന്താരാഷ്ട്ര ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായിഎസ്.സി.ഇആര്‍.ടി. മുന്‍ റിസര്‍ച്ച് ഓഫീസര്‍ കെ.രമേഷ് കോഴിക്കോട് പ്രത്യേക ക്ലാസ്സ് നല്‍കി.മാനന്തവാടി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഡോളി രഞ്ജിത്ത്, മുന്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പികെ. ബാലസുബ്രഹ്‌മണ്യന്‍, സംസ്ഥാന ആര്‍പിസി.കെ.പവിത്രന്‍ മാഷ്, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായകെ. ജെ. ബിജോയ്, വി.ജയേഷ് അശ്വത്ത് രയരോത്താന്‍, ജില്ലാ ബാലസഭ ആര്‍.പി വി.പി ബബിത എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, ആര്‍.പിമാര്‍ എന്നിവര്‍ പരിപാടികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
No comments yet. Be the first to comment!