ലക്കിടി:താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ചുരം ഒന്‍പതാം വളവില്‍ വിദഗ്ധസംഘം പരിശോധന നടത്തി. എന്‍ഐടി സിവില്‍ വിഭാഗം പ്രൊഫസര്‍ സന്തോഷ് ജി.തമ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അന്തിമ റിപ്പോര്‍ട്ട്  കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് സംഘം അടുത്ത ദിവസം സമര്‍പ്പിക്കും.
കോഴിക്കോട് എന്‍ഐടി സംഘവും ദേശീയപാത അതോറിറ്റിയും സംയുക്തമായാണ് ചുരത്തില്‍ പരിശോധന നടത്തിയത്. രാവിലെ 10മണിക്ക് ആരംഭിച്ച പരിശോധന ഒരു മണിക്കൂറോളം നീണ്ടു. ഡ്രോണ്‍ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. പ്രാഥമിക പരിശോധന മാത്രമാണ് നടന്നതെന്നും റിപ്പോര്‍ട്ട് ഉടന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും എന്‍ഐടി പ്രൊഫസര്‍ ഡോ.സന്തോഷ് .ജി.തമ്പി പറഞ്ഞു. ഇനിയും പാറ ഇടിഞ്ഞുവരാന്‍ സാധ്യതയുണ്ടോ എന്നാണ് പ്രധാനമായും സംഘം പരിശോധിച്ചത്.