വെള്ളമുണ്ട : വെള്ളമുണ്ട പുളിഞ്ഞാലില്‍ ഇന്ന് രാവിലെ 10 മണിക്ക് നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്കു മറിഞ്ഞ് 13പേര്‍ക്ക് പരിക്ക്. തേയില തോട്ടത്തില്‍ ജോലി കഴിഞ്ഞു തിരിച്ചു വരികയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളടക്കം സഞ്ചരിച്ച  മഹീന്ദ്ര കമാന്‍ഡര്‍ ജീപ്പാണ് നിയന്ത്രണം വിട്ട് കാഞ്ഞായി മമ്മൂട്ടിയുടെ  വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞത്. അപകടത്തില്‍ വീടിന്റെ ഗ്രില്ലും ചുമരും തകര്‍ന്നിട്ടുണ്ട്. വീട്ടുമുറ്റത്തുണ്ടായിരുന്ന വീട്ടമ്മ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പരിക്കേറ്റവരെ   പോലീസ് ജീപ്പില്‍ അടക്കം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കും, വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലും എത്തിച്ച് പ്രാഥമിക ചികിത്സനല്‍കിയ ശേഷം  മാനന്തവാടി ജില്ലാശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.