മാനന്തവാടി :സംസ്ഥാന സര്‍ക്കാര്‍, വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ വിവിധ ടൂറിസം സംഘടനകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ  സംഘടിപ്പിച്ച ഓണം വാരാഘോഷ പരിപാടികള്‍ സമാപിച്ചു.മാനന്തവാടി നഗരസഭ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറി. വയലിന്‍ ഫ്യൂഷന്‍, മാജിക് ഷോ, ചാക്യാര്‍ കൂത്ത്, മെന്റലിസം തുടങ്ങിയ പരിപാടികള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാനന്തവാടി ബ്ലോക്ക്  പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ നൃത്തനൃത്യങ്ങള്‍, സെവന്‍ ബീറ്റ്‌സ് വയനാട് ഒരുക്കിയ ഗാനമേള എന്നിവ ആസ്വദിക്കാനും വന്‍ ജനക്കൂട്ടം  ഒഴുകിയെത്തി.

വൈത്തിരിയില്‍ ഗ്രാമ പഞ്ചായത്തും ഡി.ടി.പി.സിയും ചേര്‍ന്ന് ഒരുക്കിയ ഓണം വാരാഘോഷ പരിപാടികളുടെ സമാപന സമ്മേളനവും സാംസ്‌കാരിക യോഗവും ടി. സിദ്ധിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. കൊല്ലം ഷാഫി നയിച്ച മെഗാ നൈറ്റ് ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഉഷ ജ്യോതിദാസ്, ജില്ലാ പഞ്ചായത്ത് അംഗം സി. പ്രസാദ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി ഉഷ കുമാരി, എല്‍സി ജോര്‍ജ്,  വൈത്തിരി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷാജി മോള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.