
മാനന്തവാടി: പ്രകൃതി സംരക്ഷണവും ശുചിത്വവും ഉറപ്പുവരുത്തിക്കൊണ്ടാവണം ജില്ലയിലെ ടൂറിസം വികസനമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. സംസ്ഥാന സര്‍ക്കാര്‍, വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ വിവിധ ടൂറിസം സംഘടനകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം മാനന്തവാടി പഴശ്ശി പാര്‍ക്ക് കേന്ദ്രത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമായി കേരളം മാറുന്നതായി കണക്കുകള്‍ പറയുന്നു. വയനാട് ജില്ലയുടെ പ്രകൃതിയാണ് ജില്ലയുടെ ഏറ്റവും വലിയ ടൂറിസം സാധ്യത. കാടും മലയും പുഴയും മൃഗങ്ങളും തന്നെയാണ് കേരളത്തിലെ ഏറ്റവും നല്ല വിനോദ കേന്ദ്രമാക്കി ജില്ലയെ മാറ്റിയത്. വിനോദ സഞ്ചരികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കേണ്ടത് ജില്ലയിലെ ജനങ്ങളാണെന്നും മന്ത്രി പറഞ്ഞു. എല്ലാ ആഘോഷങ്ങളും ടൂറിസം മേഖലയുമായി ബന്ധിപ്പിച്ചു നടത്താന്‍ സാധിക്കണം. അതിനായി കാലത്തിനനുസരിച്ച് ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുണ്ടാവണം. ജില്ലയിലെ വിനോദസഞ്ചാര മേഖലയിലൂടെ തൊഴില്‍ സാധ്യതകള്‍ ഉറപ്പുവരുത്താന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. മാനന്തവാടി പഴശ്ശി പാര്‍ക്ക് കേന്ദ്രത്തില്‍ പിന്നണി ഗായിക ചിത്ര അയ്യര്‍ നയിച്ച സംഗീത രാവ് ആസ്വദിക്കാന്‍ വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷയായ പരിപാടിയില്‍ സബ് കളക്ടര്‍ അതുല്‍ സാഗര്‍, മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ അരുണ്‍ കുമാര്‍, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി മനോജ്, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, മാനന്തവാടി നഗരസഭ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഡോളി രഞ്ജിത്ത്, ടൂറിസം വികസന ഉപസമിതി മെമ്പര്‍ അലി ബ്രാന്‍, ഡി.ടി.പി.സി മാനേജര്‍ വി.ജെ ഷിജു, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
No comments yet. Be the first to comment!