ഇന്ന് ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനം.കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നാന്ദി കുറിച്ച സാമൂഹ്യ പരിഷ്‌കർത്താവും നവോത്ഥാന നായകനായിരുന്നു ശ്രീനാരായണഗുരു. ഗുരുദർശനങ്ങൾ ഇന്നും നമുക്ക് വഴികാട്ടിയാണ്. എല്ലാത്തരം സാമൂഹ്യ തിന്മകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടിയ അദ്ദേഹം ”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന പ്രസക്തമായ ആപ്തവാക്യം പകർന്നുതന്നു. വിഭാഗീയതകളുടെ വേലിക്കെട്ടുകളില്ലാതെ മനുഷ്യർ സമാധാനത്തോടെ കഴിയുന്ന ലോകമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ സ്വപ്‌നം.തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും കൊടികെട്ടിവാണ കാലത്ത് ശബ്‌ദമുയർത്താൻ കാണിച്ച ധൈര്യം. ആ ധൈര്യവും പകർന്നതാണ് ഇന്നീ കാണുന്ന സ്വതന്ത്ര സമൂഹം. അതിനാൽ തന്നെ അദ്ദേഹത്തെ ഓർക്കാതെ മലയാളികള്‍ക്ക് ഇന്നീ ദിവസം പൂർത്തിയാകില്ല. ജാതിയുടെയും മതത്തിന്‍റെയും വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞു കൊണ്ട് പരസ്‌പര സഹകരണത്തോടെ മുന്നോട്ട് പോകുവാനാണ് ഗുരു ഉപദേശിച്ചത്. വർഗീതയുടെ വിത്തുകള്‍ നനച്ച് മുളപ്പിക്കാൻ പാകുന്നവർക്ക് ഒരു ഓർമപ്പെടുത്തൽകൂടിയാണ് ശ്രീനാരായണ ഗുരു.