കുറച്ച് നാളായി പൊതു ജീവിതത്തില്‍ നിന്നും അഭിനയ ജീവിതത്തില്‍ നിന്ന് മാറിനില്‍ക്കുന്ന പ്രിയനടന്‍ തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാള്‍ ആഘോഷം. സഹപ്രവര്‍ത്തകരും ആരാധകരും പ്രിയ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുതുടങ്ങി. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ ഏഴ് മാസത്തോളം വിശ്രമജീവിതം നയിച്ച മമ്മൂക്ക ഇന്ന് പൊതുവേദിയയില്‍ പ്രത്യക്ഷപ്പെടും. ചെന്നൈയിലെ വസതിയിലുള്ള അദ്ദേഹം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കും.1951ന് സെപ്റ്റംബര്‍ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത്, ഒരു സാധാരണ കുടുംബത്തില്‍ ഇസ്മയിലിന്റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്റ് ആല്‍ബര്‍ട്ട് സ്‌കൂള്‍, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളില്‍ നിന്നായിനിയമപഠനത്തിന് ശേഷം രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുല്‍ഫത്തുമായുളള വിവാഹം.1971 ആ?ഗസ്റ്റ് ആറിന് 'അനുഭവങ്ങള്‍ പാളിച്ചകളെന്ന' സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ താരം പിന്നീട് മലയാളികള്‍ക്ക് സമ്മാനിച്ചത് ഒട്ടനവധി നല്ല കഥാപാത്രങ്ങളാണ്. 1980ല്‍ എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്.ഇതിനു പിന്നാലെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. മിക്കതും സൂപ്പര്‍ഹിറ്റ്. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങള്‍, ദേശീയ അവാര്‍ഡുകളും, ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍, കേരള- കാലിക്കറ്റ് സര്‍വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്‌കാരങ്ങളും അദ്ദേഹത്തിനെ തേടിയെത്തി.