ഞാന്‍ നിങ്ങളുടെ സ്വന്തം വോട്ട് റോബോ'..... എന്റെ വോട്ട്, എന്റെ ശബ്ദം എന്ന സന്ദേശവുമായി കളക്ടറേറ്റില്‍ എത്തുന്ന പൊതുജനങ്ങളേയും ജീവനക്കാരെയും സ്വീകരിക്കുന്ന വോട്ട് റോബോ കൗതുകമാവുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ സ്വീപ് ടീം കല്‍പറ്റ ഗവ.ഐ. ടി. ഐ യുടെ സഹകരണത്തോടെയാണ് വോട്ട് റോബോയെ രംഗത്തിറക്കിയത്. ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ വോട്ട് റോബോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് വോട്ടര്‍ ബോധവത്കരണം നല്‍കുകയാണ് വോട്ട് റോബോയുടെ പ്രധാന ലക്ഷ്യം.

മൈക്രോ കണ്ട്രോളറും സെന്‍സറും ഘടിപ്പിച്ച വോട്ട് റോബോ അടുത്തെത്തുന്ന ആളുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാണ് വോട്ടവകാശത്തെക്കുറിച്ച് സംസാരിക്കുന്നത്. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന തെരഞ്ഞെടുപ്പിന് എല്ലാവരും വോട്ട് ചെയ്യണമെന്നും  
വോട്ടെടുപ്പില്‍ പങ്കെടുക്കുക ചെറിയ കാര്യമല്ലെന്നും രാജ്യത്തിന്റെ സൃഷ്ടിയില്‍ പങ്കാളികളാവുകയാണെന്നും വോട്ട് റോബോ ഓര്‍മ്മിപ്പിക്കുന്നു. 
സാങ്കേതികവിദ്യ എങ്ങനെ സാമൂഹിക മാറ്റത്തിനായി ഉപയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാവുകയാണ് വോട്ട് റോബോ.

നിയമസഭാ തെരഞ്ഞെടുപ്പിനായി റോബോട്ടിന് ശബ്ദ സംവിധാനം നല്‍കി നവീകരിച്ചത് കല്‍പ്പറ്റ ഐ ഐ ടി വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ്.
അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചനയുടെ നേതൃത്വത്തിലുള്ള ജില്ലാ സ്വീപ് ടീം അംഗങ്ങള്‍ക്കൊപ്പം കല്‍പറ്റ ഗവ.ഐ. ടി. ഐ പ്രിന്‍സിപ്പള്‍ എസ്. ശ്രീജ, ഇലക്ട്രോണിക്‌സ് വിഭാഗം അധ്യാപകനായ പി. ബിനീഷ്, കെ. എസ് രാഖി, ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് വോട്ട് റോബോ യാഥാര്‍ഥ്യമാക്കിയത്.