വള്ളിയൂർക്കാവിൽ സർവെ വകുപ്പിന്റെ സ്റ്റാൾ ഉദ്ഘാടനം ചെയ്തു

വള്ളിയൂർക്കാവ് എക്സിബിഷൻ ആൻ്റ് ട്രേഡ് ഫെയറിൽ സർവേ വകുപ്പിന്റെ സ്റ്റാൾ ഡിജിറ്റൽ സർവേ നോഡൽ ഓഫീസർ കൂടെയായ സബ്‌ കളക്ടർ അതുൽ സാഗർ ഉദ്ഘാടനം ചെയ്തു.
ഡിജിറ്റൽ സർവെ സംബന്ധിച്ചും ആധുനിക സർവെ രീതികൾ, സർവേ ഉപകരണങ്ങൾ എന്നിവയെ കുറിച്ചുമുള്ള അറിവുകൾ സ്റ്റാളിൽ നിന്നും ലഭിക്കും. വയനാട് സർവെ ഡെപ്യൂട്ടി ഡയറക്ടർ ആർ ബാബു, റീ സർവേ അസിസ്റ്റന്റ് ഡയറക്ടർ കെ ബാലകൃഷ്ണൻ, സർവേ സൂപ്രണ്ടുമാരായ മുഹമ്മദ് ഷെരീഫ്, ഇസുദ്ദീൻ, ടെക്നിക്കൽ അസിസ്റ്റൻ്റ്  പി.വി ജെന്നി, ഭൂരേഖാ തഹസിൽദാർ എൻ പ്രിയ, ഹെഡ് സർവേയർമാരായ പ്രബിൻ സി പവിത്രൻ, ഷാജൻ അബ്രഹാം, ഡിജിറ്റൽ സർവേ മാസ്റ്റർ ട്രെയിനി പി ദീപക്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. ജിതേഷ് തുടങ്ങിയവർ പങ്കെടുത്തു.

ആയുർവ്വേദ മെഗാ മെഡിക്കൽ ക്യാമ്പും ഔഷധ പ്രദർശനവും

ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ
വളളിയൂർക്കാവ് ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് നടത്തി. 
താഴെക്കാവ് സ്റ്റേജിൽ അസ്ഥിരോഗ- സ്ത്രീരോഗ- ജീവിതശൈലീ രോഗ-നേത്ര രോഗ വിഭാഗങ്ങൾ ഉൾപ്പെടെ പത്തോളം വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം ലഭ്യമാക്കി. ജീവിതശൈലീ രോഗ നിർണയ രക്തപരിശോധനയും സൗജന്യ മരുന്നു വിതരണവും നടത്തി. മെഡിക്കൽ ക്യാമ്പിൽ 300 ഓളം ആളുകൾ പങ്കെടുത്തു.

മേളയിൽ ആയുർവ്വേദ വകുപ്പിന്റെ പ്രത്യേക പ്രദർശന സ്റ്റാളും ഒരുക്കിയിട്ടുണ്ട്. ആയുർവ്വേദ സേവനങ്ങൾ, വിവിധ സ്പെഷ്യാലിറ്റികൾ, മരുന്നുകളുടെ പ്രയോഗം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഔഷധപ്പെട്ടിയും ഔഷധസസ്യ പ്രദർശനവും സ്റ്റാളിലുണ്ട്. പൊതുജനങ്ങൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഒ. കെ ശ്രീജ അറിയിച്ചു.

ട്രേഡ് ഫെയറിൽ പോളിടെക്‌നിക് കോളേജ് സ്റ്റാൾ

വള്ളിയൂർക്കാവ് മഹോത്സവത്തോടനുബന്ധിച്ചുള്ള ട്രേഡ് ഫെയറിൽ മാനന്തവാടി ഗവ പോളിടെക്‌നിക് കോളേജ് സ്റ്റാൾ ശ്രദ്ധേയമാകുന്നു. പത്താം ക്ലാസിന് ശേഷം മൂന്ന് വർഷം കൊണ്ടും പ്ലസ് ടു സയൻസ് കഴിഞ്ഞവർക്ക് രണ്ട് വർഷം കൊണ്ടും എൻജിനീയറിങ് ഡിപ്ലോമ നേടാനുള്ള അവസരങ്ങളെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ സ്റ്റാളിൽ ലഭ്യമാണ്. വിവിധ ഡിപ്ലോമ കോഴ്‌സുകളും ഉപരിപഠന സാധ്യതകളും സംബന്ധിച്ച വിശദാംശങ്ങളും സ്റ്റാളിൽ ലഭിക്കും.
കോളേജ് പ്രിൻസിപ്പൽ എം.ജെ ബിജു സ്റ്റാൾ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പ് മേധാവികൾ, സ്റ്റാൾ കോ ഓർഡിനേറ്റർമാരായ നീരജ്, സന്ദീപ്, ചെയർമാൻ രാഹുൽ, പി.ടി.എ വൈസ് പ്രസിഡന്റ് ജോബിൻ, അധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

എൻ ഊര് തുറന്ന് പ്രവർത്തിക്കില്ല

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 26) എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഗതാഗത നിരോധനം

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് ( മാർച്ച് 26)  പനവല്ലി എമ്മടി മുതൽ അപ്പപ്പാറ ഫോറസ്റ്റ് ഓഫീസ് വരെ രാവിലെ ഒൻപത് മുതൽ വൈകിട്ട്  അഞ്ച് വരെ  ഗതാഗതം നിരോധിച്ചു.