സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കും പരിശീലനം

2026ലെ നിയമസഭാ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവു കണക്കുകളുടെ  രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച പരിശീലനം മാര്‍ച്ച് 27ന്  നല്‍കും. സിവില്‍ സ്റ്റേഷന്‍ എ.പി.ജെ ഹാളില്‍  രാവിലെ 10 നാണ്  പരിശീലനം.  പരിശീലനത്തില്‍ സ്ഥാനാര്‍ത്ഥികളോ/അംഗീകൃത ഏജന്റുമാരോ പങ്കെടുക്കണമെന്ന് ഇലക്ഷന്‍ എക്സ്പെന്റീച്ചര്‍  നോഡല്‍ ഓഫീസര്‍ ഓഫീസര്‍  ആര്‍ സാബു അറിയിച്ചു.

വോട്ട് ബോധവത്ക്കരണവും സിഗ്‌നേച്ചര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാനന്തവാടി സ്വീപ് അംഗങ്ങളുടെ  നേതൃത്വത്തില്‍ തലപ്പുഴ ഗവ. എന്‍ജിനീയറിങ് കോളേജില്‍ വോട്ട് ബോധവത്കരണ പരിപാടിയും സിഗ്‌നേച്ചര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു.  ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. ഓരോ വോട്ടും രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണെന്നും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു. യുവജനങ്ങളില്‍ ജനാധിപത്യ പ്രക്രിയയെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുകയും വോട്ടവകാശത്തിന്റെ വിനിയോഗം ഉറപ്പാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. എല്‍ ആര്‍ തഹസില്‍ദാര്‍ എന്‍. പ്രിയ, കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സരിത, സ്വീപ് അംഗമായ അശ്വിന്‍, എന്‍ സി സി  കോ-ഓര്‍ഡിനേറ്റര്‍മാരായ അഞ്ജന, നികേഷ് എന്നിവര്‍ പങ്കെടുത്തു.

'വോട്ട് ചിലപ്പന്‍' കോളേജിലെത്തി

സ്വീപ്പ് ക്യാമ്പയിന്റെ  ഭാഗമായി വയനാടിന്റെ തെരഞ്ഞെടുപ്പ് മസ്‌കോട്ട് വോട്ട് ചിലപ്പന്‍ കല്‍പ്പറ്റ ഗവ. എന്‍എംഎസ്എം കോളേജില്‍ വോട്ട് ബോധവത്ക്കരണത്തിനെത്തി. സംവാദം, ബോധവത്കരണ ക്ലാസ്, പ്രതിജ്ഞ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു. സ്വീപ് പദ്ധതിയെക്കുറിച്ച് കെ. ദിലീപ് കുമാര്‍ വിശദീകരിച്ചു. കോളേജ് ഇലക്ടറല്‍ വിങ് ചുമതലയുള്ള അധ്യാപകന്‍ കൃഷ്ണന്‍, സ്വീപ് ടീം അംഗം ഹംസ എന്നിവര്‍ സംസാരിച്ചു.

പ്രചാരണ സാമഗ്രികളുടെ നീക്കം: നടപടികള്‍ തുടരുന്നു

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനങ്ങള്‍ക്കെതിരെ ജില്ലയില്‍ ശക്തമായ നടപടി തുടരുന്നു. ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ  ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ ബുധനാഴ്ച 147 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു.
പൊതു ഇടങ്ങളില്‍ സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും ഉള്‍പ്പെടെ 130 സാമഗ്രികളും സ്വകാര്യ സ്ഥലങ്ങളില്‍ അനുമതിയില്ലാതെ സ്ഥാപിച്ച 17 സാമഗ്രികളുമാണ്  നീക്കം ചെയ്തത്.

സി-വിജില്‍ :176 പരാതികള് ലഭിച്ചു

സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ ബുധനാഴ്ച 176 പരാതികള്‍ ലഭിച്ചു. മുഴുവന് പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 1034 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്.