മേൽക്കൂരയിൽ വെള്ളം കിനിഞ്ഞ് വന്ന പാടുകൾ മാത്രമാണുള്ളത്, വിള്ളൽ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. ദുരന്തബാധിതർക്കായി നിർമ്മിച്ച വീടുകൾ ഇതുവരെ കൈമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ടൗൺഷിപ്പ് വീടുകളുടെ നിലവാരം സംബന്ധിച്ച ആരോപണങ്ങൾക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം. ഇന്ന് രാവിലെ 10:30 മണിയോടെ സ്പെഷ്യൽ ഓഫീസറുടെ ഓഫീസിൽ കിഫ്കോൺ, ഊരാളുങ്കൽ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി ടൗൺഷിപ്പിലെത്തിയത്. വിള്ളൽ കണ്ടെത്തി ഫേസ് ഒന്നിൽ പെട്ട A8 വീടിന്റെ ഉള്ളിലും മേൽക്കൂരയിലും, മന്ത്രി പരിശോധന നടത്തി.
മേൽക്കൂരയിൽ വെള്ളം കിനിഞ്ഞ് വന്ന പാടുകൾ കണ്ടെത്തിയെങ്കിലും യാതൊരു വിള്ളലും ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. വീടുകളുടെ നിർമ്മാണം പൂർത്തിയായെങ്കിലും ദുരന്തബാധിതർക്കായി ഇതുവരെ ഒരു വീടും കൈമാറിയിട്ടില്ലെന്നും, പട്ടയം മാത്രമാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീട് കൈമാറിയ ശേഷം പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ അതാണ് ഗൗരവമായ വിഷയമെന്നും മന്ത്രി പറഞ്ഞു. നിലവിൽ വെള്ളം കിനിഞ്ഞ് ഇറങ്ങുന്നത് തടയാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. വീടുകൾ കൈമാറിയ ശേഷം പ്രശ്നങ്ങൾ ഉണ്ടായാൽ കരാർ പ്രകാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പരിഹാരം കാണേണ്ടിവരുമെന്നും, അല്ലെങ്കിൽ പണം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
കരാർ പ്രകാരം 410 വീടുകളും ഒക്ടോബറിനകം പൂർത്തിയാക്കാത്ത പക്ഷം ബന്ധപ്പെട്ടവർക്ക് അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ടൗൺഷിപ്പ് വിഷയത്തിൽ മാധ്യമങ്ങൾ കാണിക്കുന്ന ശ്രദ്ധയ്ക്ക് നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. സിപിഐഎം ജില്ലാസെക്രട്ടറി കെ റഫീഖ്, എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ , സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു അടക്കമുള്ള നേതാക്കളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
No comments yet. Be the first to comment!