178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട താക്കോല്‍ കൈമാറ്റവും രേഖകളും  ഫെബ്രുവരി 15 ന് ശേഷം നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ടൗണ്‍ഷിപ്പില്‍ കൈമാറുന്ന ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഗുണഭോക്താക്കളും പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന 178 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറുന്നത്. സോണ്‍ ഒന്നില്‍ ഉള്‍പ്പെട്ട 107 വീട്, സോണ്‍ മൂന്നിലെ 28 വീട്, സോണ്‍ നാലിലെ 43 വീടുകളാണ് കൈമാറുക. ഗുണഭോക്താക്കള്‍ക്ക് വീട് കൈമാറുന്നതിനൊപ്പം പട്ടയം, ഉടമസ്ഥാവകാശ രേഖ, വൈദ്യൂതി-കുടിവെള്ള കണക്ഷന്‍  ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടെയുമാണ് വീടുകള്‍ നല്‍കുക.

ഏല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ 35 ക്ലസ്റ്ററുകളായാണ് നിര്‍മ്മാണം പിരോഗമിക്കുന്നത്. ഓരോ ക്ലസ്റ്ററിലും ഏട്ട് മുതല്‍ 20 വരെ വീടുകളാണുള്ളത്. സോണ്‍ ഒന്നിലെ 140 വീടുകളിലെ 107 വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. സോണ്‍ മൂന്നിലെ 51 വീടുകളില്‍ 28 ഉം സോണ്‍ നാലിലെ 51 വീടുകളില്‍ 43 വീടുകളും പൂര്‍ത്തീകരിച്ചു. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന 410 വീടുകളുടെയും പ്രവര്‍ത്തി ഏപ്രില്‍ 30 നകം പൂര്‍ത്തികരിക്കും. ടൗണ്‍ഷിപ്പിലെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ കോണ്‍ട്രാക്ടര്‍ കലാവധി ഒക്ടോബര്‍ ആറ് വരെയാണ്. ഫേസ് ഒന്നില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും സോണ്‍ ഒന്ന്, മൂന്ന് കേന്ദ്രീകരിച്ച് അടുത്തടുത്ത വീടുകള്‍ നല്‍കണമെന്ന ആവശ്യം ഫേസ് ഒന്നില്‍ ഉള്‍പ്പെട്ടവര്‍ യോഗത്തില്‍ ഉന്നയിച്ചു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. വിശ്വനാഥന്‍, ടൗണ്‍ഷിപ്പ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ജെ.ഒ അരുണ്‍, എ.ഡി.എം എം.ജെ അഗസ്റ്റിന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.എസ് നസിയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.