സംയോജിത ശിശു വികസന സേവന പദ്ധതിയുടെ സംസ്ഥാനതല അവാര്‍ഡില്‍ മികച്ച നേട്ടവുമായി ജില്ല. ആറ് ഇനങ്ങളിലായി പ്രഖ്യാപിച്ച അവാര്‍ഡില്‍ അഞ്ച് വിഭാഗങ്ങളിലും ജില്ല  പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.  മികച്ച ജില്ലാ ഭരണകൂടം, മികച്ച സൂപ്പര്‍വൈസര്‍, അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, മികച്ച് അങ്കണവാടി എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് ലഭിച്ചത്.  മികച്ച ജില്ലാ ഭരണകൂടത്തിനുള്ള ഒന്നാം സ്ഥാനം  വയനാട്, തൃശ്ശൂര്‍ ജില്ലകള്‍ അര്‍ഹരായി. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

മികച്ച അങ്കണവാടി വര്‍ക്കര്‍ വിഭാഗത്തില്‍ സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസിലെ മൂക്കുത്തികുന്ന്  അങ്കണവാടിയിലെ വി. എ ഷൈലജ,  മികച്ച ഹെല്‍പ്പര്‍ വിഭാഗം  കല്‍പ്പറ്റ ഐ.സി.ഡി.എസിലെ കോന്തമംഗലം അങ്കണവാടിയിലെ പി. കെ യശോദ,  മികച്ച സൂപ്പര്‍വൈസര്‍ വിഭാഗത്തില്‍ സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസിലെ പി.എ നസീറ എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. മികച്ച അങ്കണവാടിക്കുള്ള പുരസ്‌കാരം പനമരം ഐ.സി.ഡി.എസിലെ വരദൂര്‍ അങ്കണവാടി കരസ്ഥമാക്കി.