മീനങ്ങാടി: ഭവന സമൂച്ചയത്തിനൊപ്പം സൂര്യനില്‍ നിന്നും കാറ്റില്‍ നിന്നുമുള്ള ഊര്‍ജ്ജോല്‍പ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തന്‍ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബര്‍മതി നഗര്‍ (ഉന്നതി).ലൈഫ് മിഷന്‍ പദ്ധതിയില്‍ പട്ടികവര്‍ഗ വിഭാഗത്തിനായി  സബര്‍മതി നഗറില്‍ നിര്‍മിച്ച 24 വീടുകളടങ്ങിയ ഭവന സമുച്ചയത്തിനൊപ്പമാണ് സൗരോര്‍ജജവും കാറ്റാടിപാടവും പ്രയോജനപ്പെടുത്തുന്നത്. വീട് നിര്‍മിക്കുക എന്നതിന് ഉപരിയായി പകല്‍ സമയം  സൗരോര്‍ജ്ജവും രാത്രിയില്‍ കാറ്റിന്റെ ശക്തിയെയും ഉപയോഗപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനമായ വിന്‍ഡ് ടര്‍ബൈന്‍ സജ്ജീകരിച്ചതിലൂടെ പരിസ്ഥിതി സൗഹൃദ ജീവിതശൈലിയിലേക്ക് പുതിയ ദിശ കൂടി തുറന്നിരിക്കുകയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത്. 
അനര്‍ട്ട്, നബാര്‍ഡ്, മീനങ്ങാടി ഗ്രാമപഞ്ചായത്ത്, എന്‍ജിഒ ആയ ശ്രേയസ് എന്നിവ സംയുക്തമായി വകയിരുത്തിയ 10,40400 രൂപ ചിലവിലാണ് മൂന്നു കാറ്റാടി യന്ത്രങ്ങളും 15 ഓളം സൗരോര്‍ജ്ജ തെരുവ് വിളക്കുകളും ഉന്നതിയോട് ചേര്‍ന്ന് സജ്ജീകരിച്ചത്. 500 വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന വിന്‍ഡ് ടര്‍ബൈയ്ന്‍   കുടുംബങ്ങള്‍ക്കും ചെറിയ സ്ഥാപനങ്ങള്‍ക്കും സ്വയംപര്യാപ്തമായ വൈദ്യുതി ഉത്പാദനത്തിന് മികച്ച മാര്‍ഗമാണ്. സോളാര്‍ പാനലുകളുമായി ചേര്‍ന്ന് ഹൈബ്രിഡ് സംവിധാനം ഒരുക്കുന്നതിലൂടെ സ്ഥിരതയുള്ള വൈദ്യുതി ലഭ്യത ഭാവിയില്‍ ഉറപ്പാക്കാന്‍ കഴിയും. ഭാവിയില്‍ കെഎസ്ഇബിയുമായി സഹകരിച്ച് വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഗ്രിഡിലേക്ക് നല്‍കാനും സാധിക്കും. വീടുകളുടെ നിര്‍മാണ പ്രവൃത്തിയും വൈദ്യുതി ഉല്‍പ്പാദനവും പൂര്‍ത്തിയായ ഉന്നതിയിലേക്ക് ഇനി ഗുണഭോക്തൃ കുടുംബങ്ങള്‍ മാറി താമസിക്കുകയേ വേണ്ടൂ. 
24 വീടുകള്‍ക്ക് ചെലവ് 1.44 കോടി.എല്ലാ അടിസ്ഥാന സൗകര്യങ്ങളും നൂതന സംവിധാനങ്ങളും സജ്ജീകരിച്ച ആധുനിക പാര്‍പ്പിട സമുച്ചയങ്ങളാണ്സബര്‍മതി നഗറില്‍
സാക്ഷാത്കരിച്ചത്. 2015 - 20 കാലഘട്ടത്തിലെ ഭരണസമിതിയുടെ കാലഘട്ടത്തിലാണ് പദ്ധതിക്ക് സ്ഥലം കണ്ടെത്തി തുടക്കം കുറിച്ചത്. 2020 അവസാനം പ്രവൃത്തി തുടങ്ങി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് 21 ലക്ഷം രൂപ ചിലവിട്ടാണ് 1.21 ഏക്കര്‍ സ്ഥലം പദ്ധതിക്കായി കണ്ടെത്തിയത്. ഒരേക്കര്‍ 24 വീടുകള്‍ക്ക് വേണ്ടിയും 17 സെന്റ് വഴിക്ക് വേണ്ടിയും 4.5 സെന്റ് പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടിയും മാറ്റി. രണ്ട് കിടപ്പ് മുറി, ഹാള്‍, സിറ്റ് ഔട്ട്, ശുചിമുറി, പുകയില്ലാത്ത അടുപ്പ്, വാട്ടര്‍ ടാങ്ക് ഉള്‍പ്പെടെയാണ് ഓരോ വീടിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്. സംസ്ഥാന വിഹിതവും ജില്ലാ പഞ്ചായത്ത് വിഹിതവും ഗ്രാമപഞ്ചായത്ത് വിഹിതവും ഹഡ്‌കോ ധനസഹായവും ഉപയോഗിച്ചാണ് തുക കണ്ടെത്തിയത്. ഒരു കുടുംബത്തിന് 6 ലക്ഷം രൂപ നിരക്കില്‍ 1.44 കോടി രൂപ ഭവന നിര്‍മാണത്തിന് ചിലവായി. ജല്‍ ജീവന്‍ മിഷന്റെ കുടിവെള്ള കണക്ഷന് പുറമെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കിണര്‍, മാലിന്യ സംസ്‌കരണത്തിന് ആധുനിക ഉപാധികള്‍, ഇന്റര്‍ലോക്ക് പതിപ്പിച്ച വഴി എന്നിവയെല്ലാം ഇവിടെ സജ്ജമാണ്.