
പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജസ്രോതസുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി ഊര്‍ജസംരക്ഷണത്തിന് പുതിയ മാതൃക തീര്‍ക്കുകയാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭ. നഗരസഭയ്ക്ക് കീഴിലുള്ള എല്ലാ സ്‌കൂളുകളും വൈദ്യുതിക്കായി സൗരോര്‍ജം ഉപയോഗപ്പെടുത്തണമെന്ന തീരുമാനം ഇപ്പോള്‍ മൂന്ന് സ്‌കൂളുകളില്‍ പ്രാവര്‍ത്തികമായി. കഴിഞ്ഞ ദിവസമാണ് ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ ടി കെ രമേശ് സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. ബീനാച്ചി സ്‌കൂളിലും ഇതോടൊപ്പം സോളാര്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി. നേരത്തെ കുപ്പാടി സ്‌കൂളിലും സോളാര്‍ പ്ലാന്റ് സ്ഥാപിച്ചിരുന്നു.
15 കിലോവാട്ട് ശേഷിയുള്ള ഓണ്‍ ഗ്രിഡ് പ്ലാന്റുകളാണ് 21,63,999 രൂപ ചെലവഴിച്ച് സര്‍വജന സ്‌കൂളിലും ബീനാച്ചി സ്‌കൂളിലും സ്ഥാപിച്ചത്. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെല്‍ട്രോണാണ് പ്ലാന്റ് സ്ഥാപിച്ചതും അനുബന്ധ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതും. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ പ്ലാന്റിന്റെ പ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായിരുന്നെങ്കിലും സാങ്കേതിക സംവിധാനങ്ങളെല്ലാം പിഴവുകള്‍ കൂടി പരിഹരിച്ച് ഇപ്പോള്‍ പൂര്‍ണ സജ്ജമായി. ഇപ്പോള്‍ ഈ സ്‌കൂളുകളിലെ ലാബുകളും ഓഫീസും ക്ലാസ് മുറികളും വൈദ്യുതി ഉപയോഗം ഏതാണ്ട് പൂര്‍ണമായി ഇപ്പോള്‍ സോളാര്‍ പ്ലാന്റിനെ ആശ്രയിച്ചാണ്. നേരത്തെ 9000 രൂപയോളം വൈദ്യുതി ബില്‍ വന്നിരുന്ന സ്ഥാനത്ത് ഒടുവില്‍ വന്നത് 500 രൂപയില്‍ താഴെയുള്ള തുകയുടെ ബില്ല് മാത്രം.
നഗരസഭ പരിധിയിലുള്ള എല്ലാ സ്‌കൂളുകളും സോളാര്‍ വൈദ്യുതിയെ മാത്രം ആശ്രയിക്കുന്ന രീതിയിലേക്ക് മാറാനാണ് പദ്ധയിയുടെ ലക്ഷ്യമെന്ന് നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ആദ്യഘട്ടത്തില്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. മൂന്ന് വലിയ സ്‌കൂളുകളും ഇതോടെ സോളാര്‍ പദ്ധതി ഉപയോഗപ്പെടുത്തി ഊര്‍ജസ്വയം പര്യാപ്തതയിലേക്ക് മാറിക്കഴിഞ്ഞു.
അടുത്ത ഘട്ടത്തില്‍ ഓടപ്പളം, ചേനാട് സ്‌കൂളുകളില്‍ പ്ലാന്റ് സ്ഥാപിക്കാനാണ് തീരുമാനം. ഇവിടങ്ങളില്‍ ഇപ്പോള്‍ പുരോഗമിക്കുന്ന കെട്ടിട നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച ശേഷം പ്ലാന്റ് നിര്‍മാണം ആരംഭിക്കാനാണ് നഗരസഭ ഒരുങ്ങുന്നത്. അതിന് ശേഷം പൂമല, കൈപ്പഞ്ചേരി, പഴുപ്പത്തൂര്‍ സ്‌കൂളുകളിലേക്കും സോളാര്‍ പദ്ധതി വ്യാപിപ്പിച്ച് പദ്ധതി ലക്ഷ്യത്തിലെത്തിക്കാനാണ് നഗരസഭയുടെ താത്പര്യം.
പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയാണ് ഇപ്പോള്‍ സ്‌കൂളുകളിലെ വൈദ്യുതി ചെലവിനത്തില്‍ നഗരസഭ ചെലവഴിക്കുന്നത്. ഓരോ സ്‌കൂളുകളിലായി പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഈ ചെലവിലും ഗണ്യമായ കുറവ് വരുന്നു.
Comments (0)
No comments yet. Be the first to comment!