കല്‍പ്പറ്റ: ഹൃദയ അറകളിലെ ദ്വാരങ്ങള്‍ അടയ്ക്കുന്ന പ്രൊസീജിയര്‍ റോട്ടറി ക്ലബ് 26 കുട്ടികള്‍ക്ക് സൗജന്യമായി ചെയ്തുകൊടുക്കുന്നു. ഹൃദയത്തിനു ജന്‍മനാ വൈകല്യമുള്ള കുട്ടികളില്‍ നീലഗിരി, വയനാട് ജില്ലകളില്‍നിന്നു തെരഞ്ഞെടുത്തവര്‍ക്കാണ് റോട്ടറി ഇന്റര്‍നാഷണലിന്റെയും ലിയോ മെട്രോ കാര്‍ഡിയാക് സെന്ററിന്റയും സഹകരണത്തോടെ പ്രൊസീജിയര്‍ നല്‍കുന്നത്. റോട്ടറി ഗ്ലോബല്‍ ഗ്രാന്റ്, റോട്ടറി ഡിസ്ട്രിക്ട് ഫണ്ട്, റോട്ടറി ഫൗണ്ടേഷന്‍ ഫണ്ട്, ബ്രസീലിലെ റോട്ടറി ക്ലബുകളില്‍ ഒന്നിന്റെ സംഭാവന ഉള്‍പ്പെടെ ഏകദേശം 27 ലക്ഷം രൂപയാണ് മൂന്നു മാസമെടുത്തു പൂര്‍ത്തിയാക്കുന്ന പ്രൊസീജിയറിനു വിനിയോഗിക്കുന്നത്. 60,000 രൂപ വിലവരുന്ന അമേരിക്കന്‍ നിര്‍മിത ഉപകരണമാണ് ഓരോ പ്രൊസീജിയറിനും ഉപയോഗപ്പെടുത്തുക. അര മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ നീളുന്നതാണ് ഒരു പ്രൊസീജിയര്‍.
പ്രൊസീജിയര്‍ ഉദ്ഘാടനം ശനിയാഴ്ച ഉചകഴിഞ്ഞ് മൂന്നിന് ലിയോ ഹോസ്പിറ്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വഹിക്കും. . റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ ഡോ.സന്തോഷ് ശ്രീധര്‍ മുഖ്യാതിഥിയാകും.
വാർത്താ സമ്മേളനത്തിൽ  റോട്ടറി ക്ലബ് പ്രസിഡന്റ് ടി.ഡി. ജൈനന്‍, മുന്‍ പ്രസിഡന്റ് സുര്‍ജിത്ത് രാധാകൃഷ്ണന്‍, ലിയോ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ടി.പി.വി. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.