
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയോജിത കര്‍മ്മ പദ്ധതി തയ്യാറാക്കുന്നു. പട്ടിക വര്‍ഗ മേഖലക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പദ്ധതി രൂപപ്പെടുത്തുന്നത്. പട്ടിക വര്‍ഗ്ഗ മേഖലയില്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കി വരുന്ന ആരോഗ്യ -പോഷണ പദ്ധതികളെ സയോജിത പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ കാര്യക്ഷമമാക്കുകയും പരസ്പരം ബന്ധിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം.
ജില്ലയില്‍ നിലവില്‍ 147 കുട്ടികള്‍ക്ക് ഉയര്‍ന്ന പോഷണക്കുറവും (സിവിയര്‍ അക്യൂട്ട് മാല്‍ന്യുട്രീഷന്‍-സാം) 1519 കുട്ടികളില്‍ മിതമായ പോഷണക്കുറവും (മോഡറേറ്റ് അക്യൂട്ട് മാല്‍ന്യുട്രീഷന്‍- മാം) കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ന്യൂട്രീഷന്‍ റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ വഴി പോഷണ പുനരധിവാസ ചികിത്സ നല്‍കി വരുന്നുണ്ട്. കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ്‌സ് ഹോട്ടലില്‍ സംഘടിപ്പിച്ച ജില്ലാതല കര്‍മ്മ പദ്ധതി രൂപീകരണ ശില്‍പശാല അസിസ്റ്റന്റ് കലക്ടര്‍ പി.പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി മുഖ്യപ്രഭാഷണം നടത്തി.
കുട്ടികളിലെ പോഷണക്കുറവ്, പട്ടിക വര്‍ഗ മേഖലയിലെ ആരോഗ്യ നിലവാരം, ആരോഗ്യത്തെ സ്വാധീനിക്കുന്ന ശീലങ്ങള്‍, അരിവാള്‍ കോശ രോഗം, ക്ഷയ രോഗം, പകര്‍ച്ച വ്യാധികള്‍, ജീവിതശൈലീ രോഗങ്ങള്‍ എന്നീ വിഷയ മേഖലകള്‍ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ പി ദിനീഷ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ ജെറിന്‍ എസ് ജെറോഡ്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ പ്രിയ സേനന്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ പി.എസ് സുഷമ, എന്‍.പി.എന്‍.സി.ഡി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ കെ.ആര്‍ ദീപ, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ ഇന്ദു, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, പ്ലാനിങ്ങ്, പട്ടിക വര്‍ഗ വികസനം, വനിതാ ശിശു വികസനം, ഐ.സി.ഡി.എസ്, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, കുടുംബശ്രീ മിഷന്‍ വകുപ്പ് മേധാവികളും പ്രതിനിധികളും ശില്‍പശാലയില്‍ പങ്കെടുത്തു.
Comments (0)
No comments yet. Be the first to comment!