
പുല്‍പ്പള്ളി: അമ്പെയ്ത്ത് കേന്ദ്രത്തിന്റെ ഭാഗമായി സ്റ്റേഡിയം സമുച്ചയമടക്കം നിര്‍മ്മിക്കാന്‍ സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പിന് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വാങ്ങി നല്‍കിയ ഭൂമി തിരികെ നല്‍കണമെന്ന് ആവശ്യം. പുല്‍പ്പള്ളി 117ലെ ഭൂമിയില്‍ പദ്ധതി ഇനിയും യാഥാര്‍ത്ഥ്യമാകാത്തതിനാലാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി മടക്കി നല്‍കണമെന്ന് പുല്‍പ്പള്ളി പഞ്ചായത്ത് ആവശ്യപ്പെട്ടത്.
2010 ജനുവരിയിലാണ് സ്വകാര്യവ്യക്തിയുടെ ഭൂമി ഗ്രാമപഞ്ചായത്ത് വാങ്ങി സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പിന് കൈമാറിയത്. എന്നാല്‍ 15 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി യാഥാര്‍ത്ഥ്യമാകുകയോ കാര്യമായ തുടര്‍നടപടിയുണ്ടാകുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് എട്ടേക്കര്‍ ഭൂമിയില്‍ നിന്ന് നാല് ഏക്കര്‍ ഭൂമി പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി തിരികെ വേണമെന്ന ആവശ്യം പഞ്ചായത്ത് മുന്നോട്ടുവെച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് ആര്‍ച്ചറി അക്കാദമിയോട് അനുബന്ധിച്ച് സ്റ്റേഡിയം സമുച്ചയം യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ പ്രസ്തുത ഭൂമി തിരികെ നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ പറഞ്ഞു. എന്നാല്‍ ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും യാതൊരുവിധ പ്രവര്‍ത്തനവും നടത്താന്‍ സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പിന് സാധിച്ചിട്ടില്ല. വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഭൂമിയില്ലെന്ന അവസ്ഥയാണുള്ളത്, ബസ്റ്റാന്റ്, ഫയര്‍സ്റ്റേഷന്‍, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിങ്ങനെ പദ്ധതികള്‍ ഒരുപാട് നടപ്പിലാക്കാനിരിക്കുമ്പോഴും ആവശ്യമായ ഭൂമി ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ അമ്പെയ്ത്ത് കേന്ദ്രത്തിന് ആവശ്യമായ നാല് ഏക്കര്‍ ഒഴിച്ച് ബാക്കി പഞ്ചായത്തിന് തന്നെ മടക്കി നല്‍കണമെന്നാണ് ആവശ്യം.
Comments (0)
No comments yet. Be the first to comment!