സുരക്ഷഉപകരണങ്ങളുമില്ല, ജോലിക്കനുസൃതമായ വേതനവമില്ല പണിമുടക്കി വനംവകുപ്പ് എം.എൻ.ആർ വാച്ചർമാർ. സുൽത്താൻബത്തേരി റെയിഞ്ചിലെ നായ്ക്കട്ടി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലാണ് വാച്ചർമാർ പണിമുടക്കിയിരിക്കുന്നത്. ഇതോടെ ഈഭാഗങ്ങളിൽ കാട്ടാന ഇറങ്ങിയുള്ള കൃഷിനാശം രൂക്ഷമായിരിക്കുകയാണ്. മാന്യമായ വേതനവും സുരക്ഷ ഉപകരണങ്ങളും നൽകി വാച്ചർമാരുടെ സേവനും ഉറപ്പുവരുത്തണമെന്നാണ് കർഷകരുടെ ആവശ്യം.
നായ്ക്കട്ടി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ സേവനം ചെയ്യുന്ന പതിനേഴ് വാച്ചർമാരാണ് പണിമുടക്കിയിരിക്കുന്നത്. ഈ മാസം ഒന്നുമുതലാണ് ഇവർ പണിമുടക്കിലേക്ക് കടന്നത്. 24 മണിക്കൂറും ജോലിചെയ്യേണ്ടിവരുന്ന തങ്ങൾക്ക് അതിനനുസൃതമായ വേതനം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. കൂടാതെ രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളെ തുരത്താൻ പോകുമ്പോൾ ആവശ്യത്തിന് സുരക്ഷ ഉപകരണങ്ങൾ പോലും തങ്ങൾക്ക് ലഭ്യമാക്കുന്നില്ലെന്നും പരാതി. ഇക്കാരണങ്ങൾ ചൂണ്ടികാണിച്ചാണ് വാച്ചർമാർ സമരത്തിലേക്ക് നീങ്ങിയിരിക്കുന്നത്. അതേസമയം നെൽപ്പാടങ്ങൾ കതിരിട്ട സമയത്ത് വാച്ചർമാർ സമരത്തിലേക്ക് കടന്നത് കർഷകർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പലയിടങ്ങളിലും കാട്ടാനകൾ കഴിഞ്ഞദിവസങ്ങളിൽ ഇറങ്ങി കൃഷി നാശം വരുത്തുകയും ചെയ്തിട്ടുണ്ട്. വാച്ചർമാർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്.  പ്രശ്‌നത്തിന് പരിഹിരം കണ്ടില്ലെങ്കിൽ മറ്റ് സ്റ്റേഷൻ പരിധികളിലേക്ക് സമരം വ്യാപിപ്പിക്കാനുമാണ് വാച്ചർമാരുടെ തീരുമാനം.
                        
                                                            
                                                            
                                                            
                                                            
                                                                      
                                                                      
                                                                      
                                                                      
Comments (0)
No comments yet. Be the first to comment!