മുത്തങ്ങ:   മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ലോറിയില്‍ വന്‍പയര്‍ നിറച്ച ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച  നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ്  പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്  കോഴിക്കോട് ചെലവൂര്‍ അടുക്കത്ത് പറമ്പില്‍ വീട്ടില്‍  അഷറഫ് (52) നെ അറസ്റ്റ് ചെയ്തു. ലോറിയില്‍ വന്‍പയര്‍ ചാക്കുകള്‍ക്കിടയിലായി സൂക്ഷിച്ചിരുന്ന 6675 പാക്കറ്റ് ഹാന്‍സ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങളാണ്  പിടികൂടിയത്. വയനാട് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍  നടത്തിയ വാഹന പരിശോധനയിലാണ്  നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ബാലഗോപാലന്റെ നേതൃത്വത്തില്‍  പ്രിവന്റീവ് ഓഫീസര്‍ എ ദീപു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ
സജി പോള്‍, എംവി പ്രജീഷ്, എന്നിവരടങ്ങുന്നവരാണ് പരിശോധന നടത്തിയത്. തുടര്‍നടപടികള്‍ക്കായി പ്രതിയെയും, വാഹനവും നിരോധിത പുകയില ഉല്പന്നവും സുല്‍ത്താന്‍ബത്തേരി പോലീസിന് കൈമാറി.