തിരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപനത്തിനുമുമ്പ് സംസ്ഥാന നേതാക്കളുള്‍പ്പെടെയുളവരെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് വ്യാപാരിവ്യവസായി ഏകോപനസമിതി. അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്തിലെ മൂന്നുവാര്‍ഡുകളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മറ്റുപാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ ഉറപ്പിക്കുംമുമ്പ് കരുത്തരെയിറക്കി കളംപിടിക്കാനൊരുങ്ങുകയാണ് വ്യാപാരികള്‍.

അമ്പലവയല്‍ ടൗണ്‍ പരിസരങ്ങളിലെ വാര്‍ഡുകളാണ് വ്യാപാരികള്‍ നോട്ടമിട്ടിരിക്കുന്നത്. 20-ാം വാര്‍ഡ് മഞ്ഞപ്പാറയില്‍ കെവിവിഇഎസ് മുന്‍ ജില്ലാസെക്രട്ടറിയും അമ്പലവയല്‍ യൂണിറ്റ് പ്രസിഡന്റുമായ ഒ.വി. വര്‍ഗീസ് മത്സരിക്കും. സംഘടനയുടെ വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ് ഏഴാംവാര്‍ഡ് കുറ്റിക്കൈതയിലും സെലീന അബൂബക്കര്‍ മൂന്നാംവാര്‍ഡ് ആയിരംകൊല്ലിയിലും മത്സരിക്കും. നിലവില്‍ മഞ്ഞപ്പാറ വാര്‍ഡ് യുഡിഎഫും മറ്റുരണ്ടു വാര്‍ഡുകള്‍ എല്‍ഡിഎഫുമാണ് കൈവശംവെച്ചിരിക്കുന്നത്. ചെറുകിട വ്യപാരികളുടെ പ്രശ്‌നങ്ങള്‍ അധികാരികളെ ബോധ്യപ്പെടുത്താന്‍ വ്യാപാരി പ്രതിനിധികള്‍ തന്നെ വേണമെന്ന ആവശ്യം ശക്തമായതിനാലാണ് മത്സരത്തിനിറങ്ങുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

അമ്പലവയല്‍ പഞ്ചായത്തില്‍ ആദ്യമായാണ് വ്യാപാരികള്‍ നേരിട്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്. ഇതോടെ മറ്റുമുന്നണികളും കരുതലോടെയാണ് നീങ്ങുന്നത്. വ്യാപാരികള്‍ക്കിടയില്‍ സ്വാധീനമുളള സ്ഥാനാര്‍ഥികള്‍ക്ക് അതു വോട്ടാക്കിമാറ്റാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.