പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ രാഷ്ട്രീയ നേതാവിന്റെ  വീട്ടില്‍ നിന്നും മദ്യവും സ്‌ഫോടക വസ്തുക്കളും പിടികൂടിയെന്ന് ആരോപിച്ച്    17  ദിവസം ജയിലില്‍  അടച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജൂനാഥ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
പോലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം  റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.  ദ്യശ്യ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. പുല്‍പ്പള്ളി സ്വദേശി തങ്കച്ചനെയാണ് ജയിലില്‍ അടച്ചത്. മരക്കടവിലെ വീട്ടില്‍ പാര്‍ക്ക് ചെയ്ത കാറിന്റെ അടിയില്‍ നിന്ന് കര്‍ണാടക നിര്‍മിത മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതിന് പിന്നാലെ ഓഗസ്റ്റ് 22നാണ് തങ്കച്ചനെ അറസ്റ്റു ചെയ്തത്. രാഷ്ട്രീയ  തര്‍ക്കത്തിന്റെ ഭാഗമായി തങ്കച്ചനെ കുടുക്കിയതാണെന്നു കാണിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ഭാര്യ  നല്‍കിയ പരാതിയാണ് വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യഥാര്‍ഥ പ്രതികളില്‍ ഒരാളെ   അറസ്റ്റുചെയ്തു. ഇയാളാണ് കര്‍ണാടകയില്‍നിന്ന് മദ്യം വാങ്ങി എത്തിച്ചതെന്ന് പറയുന്നു. ഒക്ടോബറില്‍ ബത്തേരിയില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.