
പുല്‍പ്പള്ളി: മൂഴിമലയില്‍ കാട്ടാന മറിച്ചിട്ട തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. കുഴിയോടിയില്‍ സന്തോഷിന്റെ വീടാണ് ശനിയാഴ്ച പുലര്‍ച്ചയോടെ
തെങ്ങ് വീണതിനെ തുടര്‍ന്ന് ഓട് മേഞ്ഞ മേല്‍ക്കൂരയടക്കം വീടിന്റെ ഒരുവശം ഭാഗികമായി തകര്‍ന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആളില്ലാത്തതിനാല്‍ വലിയൊരു അപകടമൊഴിവായി. പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒറ്റയാന്റെ ശല്യം രൂക്ഷമായിരുന്നു. സന്തോഷിന്റെ വീടിനോട് ചേര്‍ന്നുള്ള വടക്കേല്‍ മാത്യുവിന്റെ പറമ്പിലുണ്ടായിരുന്ന തെങ്ങാണ് വീടിന് മുകളിലേക്ക് കുത്തിമറിച്ചിട്ടത്. വിവരമറിഞ്ഞ് രാവിലെ സ്ഥലത്തെത്തിയ വനപാലകര്‍ തെങ്ങ് മുറിച്ചുമാറ്റി. മാത്യുവിന്റെ പറമ്പിലെ ഒന്‍പത് തെങ്ങുകളും നിരവധി കമുകുകളും കാട്ടാനയുടെ ആക്രമണത്തില്‍ നിലംപൊത്തി. പുലര്‍ച്ചെ ശബ്ദംകേട്ടുണര്‍ന്ന മാത്യു ബഹളം വെച്ചതോടെയാണ് ആന തോട്ടത്തില്‍നിന്നും പിന്തിരിഞ്ഞത്. സമീപവാസികളായ നെല്ലിക്കുന്നേല്‍ ജോസ്, ആലിങ്കല്‍ ടോമി എന്നിവരുടെ കൃഷിയിടങ്ങളിലെ വാഴകളും തെങ്ങും കമുകുമെല്ലാം ആന നശിപ്പിച്ചിട്ടുണ്ട്.
പരത്തനാല്‍ ജോണി, പീതുരുത്തേല്‍ ജോര്‍ജ്, ചിറയില്‍ വിശ്വനാഥന്‍ എന്നിവരുടെ നെല്‍കൃഷിയും കാട്ടാന ചവിട്ടിമെതിച്ച് നശിപ്പിച്ചിട്ടുണ്ട്. ഞാറുനാട്ടി ഒരുമാസം വളര്‍ച്ചയെത്തിയ നെല്‍ചെടികളാണ് കാട്ടാന നശിപ്പിച്ചത്. വനാതിര്‍ത്തി ഗ്രാമമായ മൂഴിമലയില്‍ കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ്. നേരത്തെ വനാതിര്‍ത്തിയില്‍ കിടങ്ങും വൈദ്യുതി വേലിയുമുണ്ടായിരുന്നതിനാല്‍ വന്യമൃഗശല്യം ഒരുപരിധിവരെ പ്രതിരോധിക്കാനാവുമായിരുന്നു. എന്നാല്‍ ഈ ഭാഗത്ത് ചണ്ണക്കൊല്ലി മുതല്‍ കക്കോടന്‍ ബ്ലോക്കുവരെയുള്ള 12.5 കിലോമീറ്റര്‍ ദൂരത്തില്‍ വനംവകുപ്പ് തൂക്ക് വൈദ്യുതി വേലി സ്ഥാപിക്കാനുള്ള പദ്ധതി കൊണ്ടുവന്നിരുന്നു. തൂക്ക് വേലി സ്ഥാപിക്കുന്നതിനായി നിലവിലുണ്ടായിരുന്ന വൈദ്യുതി വേലികള്‍ അഴിച്ചുമാറ്റിയതോടെയാണ് ഈ പ്രദേശത്ത് വന്യമൃഗശല്യം വീണ്ടും രൂക്ഷമായത്. രണ്ടാഴ്ച കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ് ആരംഭിച്ച തൂക്ക് വേലി സ്ഥാപിക്കുന്ന പ്രവൃത്തി കഴിഞ്ഞ മൂന്ന് മാസത്തോളമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. എത്രയും വേഗം തൂക്കുവേലി സ്ഥാപിച്ച് നാട്ടിലെ വന്യമൃഗ ശല്യം പരിഹരിക്കണമെന്നും അതുവരെ പ്രദേശത്ത് വനംവകുപ്പ് കാവല്‍ ഏര്‍പ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
No comments yet. Be the first to comment!