ബത്തേരിയില്‍ ആളില്ലാത്ത വീട് കേന്ദ്രീകരിച്ച് മോഷണശ്രമം

സുല്‍ത്താന്‍ബത്തേരിയില്‍ ആളില്ലാത്ത വീട് കേന്ദ്രീകരിച്ച് മോഷണശ്രമം. ഇന്നലെ രാത്രി രണ്ട് സമയങ്ങളിലായാണ് ഒരു വീട്ടില്‍ തന്നെ മോഷണശ്രമം നടന്നത്. വീടിന്റെ വാതിലുകള്‍ക്ക് തീയിട്ട് ഉള്ളില്‍ കടക്കാനുള്ള ശ്രമമാണ് നടന്നത്. ഫെയര്‍ലാന്‍ഡ് ഒരുമ്പക്കാട്ട് സാജന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവത്തിന്റെ തുടക്കം. ഇതുവഴി നടന്നു പോകുന്നവരാണ് പൂട്ടിയിട്ട സാജന്റെ വീടിന്റെ മുന്‍വശത്തെ വാതിലില്‍ നിന്ന് തീ ഉയരുന്നത് കണ്ടത് . ഉടനെ സമീപവാസികളെ വിളിച്ച് വിവരം പറഞ്ഞു. ഇവരെത്തി തീ അണയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ് സുല്‍ത്താന്‍ബത്തേരി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടുകിട്ടിയില്ല. പിന്നീട് എല്ലാവരും മടങ്ങി. രണ്ടു മണിക്കൂറിനു ശേഷമാണ് വീടിന്റെ രണ്ടാമത്തെ നിലയിലെ ഡോറില്‍ നിന്ന് വീണ്ടും തീ ഉയരുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍ പെടുന്നത്. വീണ്ടും പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരും ചേര്‍ന്നു തീ അണക്കുകയായിരുന്നു. വീണ്ടും ചുറ്റുവട്ടത്ത് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

പി.വി.സി പൈപ്പും മറ്റ് പ്ലാസ്റ്റിക് സാധനങ്ങളും ഉള്‍പ്പെടെ ഉപയോഗിച്ചാണ് വാതില്‍ കത്തിച്ചത്. ഇരുവാതിലുകള്‍ക്കും തീപിടിച്ച് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി സാജുവും ഭാര്യ മേഴ്‌സിയും വിദേശത്താണ്.

 

Leave a Reply

Your email address will not be published. Required fields are marked *