അയ്യായിരത്തിലധികം സ്ത്രീകളെ അണിനിരത്തി കുടുംബശ്രീ പെണ്‍പൂവ് വിരിഞ്ഞു
സ്ത്രീ ശാക്തീകരണത്തിന്റെ പുതുവഴിയില്‍ അയ്യായിരത്തിലധികം സ്ത്രീകളെ അണിനിരത്തി കുടുംബശ്രീ പെണ്‍പൂവ് വിരിഞ്ഞു. വയനാട് കുടുംബശ്രീ മിഷനാണ് അന്താരാഷട്ര വനിതാ ദിനത്തിന് മുന്നോടിയായി മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് ഭീമന്‍ പെണ്‍പൂവ് വിരിയിച്ചത്. സാമ്പത്തിക ശാക്തീകരണം, സാമൂഹിക ശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്നീ ആശയം വരുന്ന മൂന്ന് പൂക്കളുള്ള കുടുംബശ്രീ ലോഗോയാണ് കോണുകളിലും ആകാരങ്ങളിലും തെറ്റാതെ മൈതാനത്ത് ഒരുക്കിയത്.കുടുംബശ്രീ രൂപവത്കരണത്തിന്റെ ഇരുപത് വര്‍ഷത്തോളമാകുമ്പോള്‍ ഇതിനായി വയാനട്ടിലെ സ്ത്രീ കൂട്ടായ്മയുടെ ഐക്യദാര്‍ഢ്യം കൂടിയാണ് പെണ്‍പൂവ്. പരമ്പരാഗത കേരളീയ വസ്ത്രമായ സെറ്റ് സാരിയുടുത്ത് കുടുംബശ്രീ ചിഹ്നത്തിന്റെ പിങ്ക് നിറം തലയില്‍ ധരിച്ചാണ് വനിതകള്‍ ലോഗോയില്‍ അണിനിരന്നത്. തുടര്‍ന്ന് ജില്ലാ മിഷന്‍ തയ്യാറാക്കിയ തോല്‍ക്കാന്‍ മനസ്സില്ലെന്ന സ്ത്രീ ശാക്തീകരണ ഗാനം ആലപിച്ചു. ജില്ലാ മിഷന്റെ കണക്കുകള്‍ പ്രകാരം 5438 വനിതകള്‍ ലോഗോയില്‍ ഒത്തുചേര്‍ന്നു. ഇവര്‍ക്ക് പുറമെ പെണ്‍പൂവ് കാണുന്നതിനായി ആയിരത്തിലേറെ ആളുകള്‍ ഗ്രൗണ്ടില്‍ എത്തിയിരുന്നു. 260 അടിയില്‍ വരച്ചെടുത്ത മൂന്ന് പൂക്കളിലായാണ് വനിതകള്‍ അണിനിരന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കുടംബശ്രി പ്രവര്‍ത്തകര്‍ക്ക് സ്‌കൂള്‍ മൈതാനത്ത് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.വാഹന പാര്‍ക്കിങിനും കുടിവെളള വിതരണത്തിനുമായി പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. ലഘുഭക്ഷണവും കുടിവെളളവും വിതരണം ചെയ്യുന്നതിനായി ന്യൂട്രിമിക്‌സ് യൂണിറ്റിലെ അംഗങ്ങള്‍ക്ക് ചുമതല നല്‍കിയിരുന്നു. ഇതിനായി ഏഴ് കൗണ്ടറുകളും ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്നു. മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രദീപ ശശി, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി. സാജിത, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശാരദ സജീവന്‍, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, നഗരസഭാ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി. ബിജു, തവിഞ്ഞാല്‍ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ കെ.ഷബിത തുടങ്ങിയവര്‍ സംസാരിച്ചു.