നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം വഴിയാണ് ഓരോ പോളിംഗ് സ്റ്റേഷനുകളിലേക്കുമുള്ള യന്ത്രങ്ങള്‍ നിശ്ചയിച്ചത്.
മാനന്തവാടി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ മാനന്തവാടി സബ് കളക്ടര്‍ ഓഫീസിലെ റിട്ടേണിംഗ് ഓഫീസറുടെ ചേംബറില്‍ നടന്നു. സ്ഥാനാര്‍ത്ഥി പ്രതിനിധികളായ ടി.എ. മുരളീധരന്‍, യു.എം. ബാലകൃഷ്ണന്‍, ടി. മമ്മൂട്ടി എന്നിവര്‍ പങ്കെടുത്തു.
കല്‍പറ്റ,സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ കളക്ടറേറ്റിലെ എന്‍.ഐ.സി വിസി ഹാളില്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ നിര്‍വഹിച്ചു. സ്ഥാനാര്‍ത്ഥി പ്രതിനിധികളായ രാധാകൃഷ്ണന്‍ കെ.ആര്‍, വി.എ മജീദ്, അബൂബക്കര്‍ ടി, എന്നിവര്‍ സാന്നിഹിതരായി.
റാന്‍ഡമൈസേഷന് ശേഷം, ഓരോ പോളിംഗ് സ്റ്റേഷനിലേക്കും അനുവദിച്ച ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പട്ടികയും കരുതല്‍ മെഷീനുകളുടെ പട്ടികയും സ്ഥാനാര്‍ത്ഥികള്‍ക്ക് കൈമാറി. ഈ മെഷീനുകളായിരിക്കും വോട്ടെടുപ്പ് ദിവസം അതത് പോളിംഗ് സ്റ്റേഷനുകളില്‍ ഉപയോഗിക്കുക. ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ സംബന്ധിച്ച വിശദമായ നിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ https://www.eci.gov.in/evm-vvpat ല്‍ ലഭ്യമായ വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ചുള്ള മാനുവലില്‍ പ്രതിപാദിച്ചിട്ടുണ്ട്.
അവശ്യസര്‍വീസ് ജീവനക്കാര്‍ക്ക് ഏപ്രില്‍ ആറ് വരെ പോസ്റ്റല്‍ വോട്ടിംഗ് സൗകര്യം
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് മുഖേന വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഏപ്രില്‍ ആറ് വരെ. അപേക്ഷ സമര്‍പ്പിച്ച ജീവനക്കാര്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്താം.
സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മിനി സിവില്‍ സ്റ്റേഷനിലും കല്‍പറ്റ മണ്ഡലത്തില്‍ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും മാനന്തവാടി മണ്ഡലത്തില്‍ സബ് കളക്ടര്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലുമാണ് പോസ്റ്റല്‍ വോട്ടിംഗിനായുള്ള പോളിംഗ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്.
സ്വീപ്: വോട്ടര്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു
വോട്ടര്‍ അവബോധം ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്വീപ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
വെങ്ങപ്പള്ളി പഞ്ചായത്തിലെ നായാടിപ്പൊയില്‍ ഉന്നതിയില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ. ഇന്ദു, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ജി. പ്രമോദ്, വൈത്തിരി സ്വീപ് നോഡല്‍ ഓഫീസര്‍ ദിലീപ്, ടി.ഇ.ഒ വിനോയ് സെബാസ്റ്റ്യന്‍, ഊരുമൂപ്പന്‍ കേശവന്‍ എന്നിവര്‍ സംസാരിച്ചു.
മാനന്തവാടിയിലെ ഗോദാവരി എഫ്.ആര്‍.സി ഉന്നതിയിലും പ്രിയദര്‍ശിനി ഉന്നതിയിലും വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രത്യേകം പരിപാടികള്‍ സംഘടിപ്പിച്ചു. മാനന്തവാടി എല്‍.ആര്‍ തഹസില്‍ദാര്‍ പ്രിയ ഉദ്ഘാടനം ചെയ്തു. ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എം മജീദ് അധ്യക്ഷത വഹിച്ചു. തവിഞ്ഞാല്‍ ടി.ഇ.ഒ ഷിജി, ഊരുമൂപ്പന്‍ സി.പി രാജന്‍, സോഷ്യല്‍ വര്‍ക്കര്‍ രാഹുല്‍, മൃദുല, സ്വീപ് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
അരിഞ്ചേര്‍മല ഗ്രാമത്തിലെ അലീന വായനശാലയില്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്വീപ് അംഗങ്ങളും ഗ്രാമവാസികളുമായി സംവാദം സംഘടിപ്പിച്ചു. ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേട്ടറിഞ്ഞ് വോട്ടിംഗ് ശതമാനം ഉയര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി. പരിപാടിയുടെ ഭാഗമായി സ്വീപ് അംഗം അരുണ്‍ വോട്ടിംഗ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്‍.ആര്‍ തഹസില്‍ദാര്‍ എന്‍. പ്രിയ, വില്ലേജ് ഓഫീസര്‍മാരായ ദീപ, രാജേഷ്, എസ്.വി.ഒ സജേഷ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിനോദ്, ബി.എല്‍.ഒ ഉണ്ണി, സ്വീപ് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വോട്ടര്‍ ബോധവത്കരണം
തരിയോട് ഗ്രാമപഞ്ചായത്തിലെ പുലിക്കോട് ഉന്നതി കേന്ദ്രത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.പരിപാടിയില്‍ സ്വീപ് ടീം അംഗം പി.എസ്. രതീഷ് വോട്ടിന്റെ പ്രാധാന്യവും വോട്ടവകാശം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയും തൊഴിലാളികള്‍ക്ക് ബോധ്യപ്പെടുത്തി. എന്റെ വോട്ട് എന്റെ ശബ്ദം എന്ന സന്ദേശം ഉയര്‍ത്തി സ്വീപ് ടീം അംഗം ഹംസ വോട്ടര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സി-വിജില്‍: 310 പരാതികള്‍ ലഭിച്ചു
സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ ചൊവ്വാഴ്ച 310 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 2610 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് സി- വിജില്‍ ആപ്ല് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം.
247 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു
നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ തിങ്കളാഴ്ച 247 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍സ്ഥാപിച്ച 204 പോസ്റ്ററുകള്‍, 21 ബാനറുകള്‍, നാല് മറ്റ് പ്രചരണ സാമഗ്രികള്‍, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച എട്ട് പോസ്റ്ററുകള്‍, 10 മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവ ഉള്‍പ്പെടുന്നു.
Comments (0)
No comments yet. Be the first to comment!