മാനന്തവാടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് മാനന്തവാടിയിൽ പൂർണ്ണമായിരുന്നു. നഗരത്തിലെ കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നു. അവശ്യസേവനങ്ങളെ ഒഴിച്ചുനിർത്തിയാൽ നഗരം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലായിരുന്നു.
കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും സർവ്വീസ് നടത്തിയില്ല. 
സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെയും പണിമുടക്ക് ബാധിച്ചു. മാനന്തവാടിയിലെ ഹെഡ് പോസ്റ്റ് ഓഫീസും വിവിധ ധനകാര്യ സ്ഥാപനങ്ങളും ഇടതുപക്ഷ പ്രവർത്തകർ എത്തി അടപ്പിച്ചു. തുടർന്ന് പണിമുടക്ക് അനുകൂലികൾ നഗരത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ഗ്രാമീണ മേഖലകളിൽ ഭാഗികം നഗരത്തിൽ പണിമുടക്ക് പൂർണ്ണമായിരുന്നുവെങ്കിലും ഉൾപ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും പലയിടത്തും കടകമ്പോളങ്ങൾ തുറന്നുപ്രവർത്തിച്ചു. പണിമുടക്കുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.