കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത പണിമുടക്ക് കൽപ്പറ്റയിലും പൂർണം. കടകമ്പോളങ്ങൾ എല്ലാം പൂർണമായും അടഞ്ഞുകിടന്നു. പലയിടത്തും സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.ലേബർ കോഡുകൾ പിൻവലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്. നഗരത്തിലെ കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ചില സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. ബാങ്കിംഗ് മേഖല നിശ്ചലമായി. അധ്യാപകരും വിവിധ സർവ്വീസ് സംഘടനകളും ബഹുജന സംഘടനകളും പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാർ ഓഫീസുകളുടെയും സ്കൂൾ കോളജുകളുടെയും പ്രവർത്തനം സ്തംഭിച്ചു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തിയില്ല. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ചുങ്കം ജംഗ്ഷനിൽ ചരക്കുമായെത്തിയ ലോറി പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെ ലോറി ഡ്രൈവറും പ്രതിഷേധക്കാരും തമ്മിൽ വാക്കേ​റ്റമുണ്ടായി. ഇതോടെ കല്പറ്റയിലെ നേതാക്കളെത്തിയാണ് പ്രശ്നം പരിഹരിച്ചത്.ചുങ്കം ജംഗ്ഷനിലെ സ്വകാര്യ ബാങ്കും സമരക്കാർ അടപ്പിച്ചു. പൊതുഗതാഗതം സ്തംഭിച്ചതോടെ യാത്രക്കാരും വലഞ്ഞു.
ജില്ലയിലെത്തിയ വിനോദസഞ്ചാരികളും  പണിമുടക്കിൽ കുടുങ്ങി