ബാണാസുര മലനിരകളിലെ ദുര്‍ഘട പ്രദേശങ്ങളില്‍ കോഴിക്കോട്-വയനാട് ജില്ലാ അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയാക്കി ജില്ലാ  ഡിജിറ്റല്‍ സര്‍വെ സ്പെഷ്യല്‍ സംഘം. കാഞ്ഞിരങ്ങാട്, തൊണ്ടര്‍നാട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന അതിര്‍ത്തി മേഖലയില്‍ ദിവസങ്ങളോളം വനത്തിനകത്ത്  ക്യാമ്പ് ചെയ്താണ് സംഘം അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തീകരിച്ചത്.  നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മാനന്തവാടി റെയിഞ്ചില്‍ ഉള്‍പ്പെടുന്ന വനമേഖല ചെങ്കുത്തായ മലനിരകളും പാറക്കെട്ടുകളും നിറഞ്ഞ ദുര്‍ഘട പ്രദേശമാണ്. വാഹന സൗകര്യമുള്ള പ്രദേശത്ത് നിന്നും നാലുമണിക്കൂറിലധികം കാല്‍നടയായി സഞ്ചരിച്ചാലാണ് സര്‍വെ മേഖലയില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളു. ദിവസേന യാത്ര ചെയ്ത് സര്‍വെ പൂര്‍ത്തീകരിക്കുന്നത്  പ്രായോഗികമല്ലാത്തതിനാല്‍ സംഘം വനത്തിനകത്ത് താത്ക്കാലിക ക്യാമ്പ് ഒരുക്കി താമസിച്ച് സര്‍വെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.