ആര്‍ത്തവ ശുചിത്വവും പാരിസ്ഥിതിക സുസ്ഥിരതയും എന്ന ആശയവുമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് മെന്‍സ്ട്രുല്‍ കപ്പ് വിതരണം ചെയ്യുന്നു.  ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍, കോളേജുകള്‍, അന്‍പത് ശതമാനം ഹരിത കര്‍മ്മ സേനാംഗങ്ങള്‍, സീറോ കാര്‍ബണ്‍ കേരളം ക്യാമ്പയിന്‍ നടപ്പാക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ മെന്‍സ്ട്രുല്‍ കപ്പുകള്‍ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ 6600 മെന്‍സ്ട്രുല്‍ കപ്പുകള്‍ വിതരണം ചെയ്യും. ആര്‍ത്തവ ശുചിത്വം പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിതകേരള മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍  പ്രത്യേക ബജറ്റില്‍ ഉള്‍പ്പെടുത്തി ഹരിത കേരളം മിഷന്‍ മുഖേന സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നടപ്പിലാക്കുന്ന പദ്ധതിയാണ് മെന്‍സ്ട്രുല്‍  കപ്പുകളുടെയും ഇന്‍സിനറേറ്ററുകളുടെയും  വിതരണം. ജില്ലയില്‍ ഒന്‍പത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇന്‍സിനറേറ്ററുകള്‍ വിതരണം ചെയ്യുന്നത്. സാനിറ്ററി മാലിന്യങ്ങള്‍ സുരക്ഷിതമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പരിമിതമാണ്. ഉപയോഗ ശേഷമുള്ള  വലിച്ചെറിയല്‍, കത്തിക്കല്‍ ഗുരുതര പാരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത്തരത്തില്‍ രൂപപ്പെടുന്ന സാനിറ്ററി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുകയെന്ന  ലക്ഷ്യത്തോടെയാണ് ഇന്‍സിനറേറ്ററുകള്‍ വിതരണം ചെയ്യുന്നത്.  

ഒരു സാനിറ്ററി നാപ്കിന്‍ ഉപയോഗശേഷം 15 മുതല്‍ 18 ഗ്രാം മാലിന്യമാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തില്‍ ഒരു മാസം ശരാശരി വരുന്നത് 20 പാഡുകളാണ്. ഇതിലൂടെ ഓരോരുത്തരും പ്രതിമാസം 300 ഗ്രാം സാനിട്ടറി മാലിന്യം ഉത്പാദിപ്പിക്കുന്നുണ്ട്. 5000 പേര്‍ ഒരു ആര്‍ത്തവ കപ്പ് അഞ്ചുവര്‍ഷം ഉപയോഗിക്കുന്നതിലൂടെ 100 ടണ്‍ സാനിറ്ററി നാപ്കിന്‍ മാലിന്യത്തിന്റെയും 132.5 കാര്‍ബണ്‍ മാലിന്യത്തിന്റെയും കുറവുണ്ടാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാനിറ്ററി നാപ്കിനുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള ബദല്‍ ഉപാധിയായാണ് ആര്‍ത്തവ ആരോഗ്യവും ശുചിത്വവും മുന്‍നിര്‍ത്തി ഹരിത കേരള മിഷന്‍ മെന്‍സ്ട്രുല്‍ കപ്പുകള്‍ക്ക് പ്രചാരം നല്‍കുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ തദ്ദേശസ്ഥാപന മേധാവികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ സുഷമ എന്നിവര്‍ സംസാരിച്ചു.