ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരളോത്സവം ജില്ലാതല മത്സരങ്ങള്‍ക്ക് പനമരത്ത് തുടക്കമായി. പനമരം കരിമ്പുമ്മൽ സ്റ്റേഡിയത്തിൽ ആരംഭിച്ച ജില്ലാതല ക്രിക്കറ്റ് മത്സരത്തോടെയാണ് ഇത്തവണത്തെ കേരളോത്സവത്തിന് തുടക്കമായത്. കരിമ്പുമ്മൽ ഗ്രൗണ്ടിൽ അഞ്ച് ടീമുകളാണ് മത്സരിക്കുന്നത്. കലാ-കായിക മത്സരങ്ങള്‍ ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളില്‍ ഫെബ്രുവരി എട്ട് വരെയും സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങള്‍ ഫെബ്രുവരി ഏഴ്, എട്ട് തിയതികളില്‍ മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂളിലുമാണ് നടക്കുക.  നാളെ രാവിലെ എട്ട് മുതല്‍ വെള്ളമുണ്ട ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടില്‍ കബഡി, ഏഴിന് രാവിലെ എട്ട് മുതല്‍ കല്‍പ്പറ്റ ജില്ലാ സ്റ്റേഡിയത്തില്‍ അത്ലറ്റിക്സ്, മീനങ്ങാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വടംവലി, കല്‍പ്പറ്റ വൈസ് മെന്‍സ് ക്ലബ്ബില്‍ ബാഡമിന്റ്‌റന്‍/ഷട്ടില്‍, പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമിയില്‍ ആര്‍ച്ചറി, സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് ഗ്രൗണ്ടില്‍ ബാസ്‌കറ്റ് ബോള്‍, വെള്ളാരംകുന്ന് കുന്‍ഫുദയില്‍ നീന്തല്‍ മത്സരങ്ങള്‍ എന്നിവ നടക്കും. ഫെബ്രുവരി എട്ടിന് രാവിലെ എട്ട്  മുതല്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ കളരിപ്പയറ്റ്, കല്‍പ്പറ്റ ജില്ലാ സ്റ്റേഡിയത്തില്‍ പഞ്ചഗുസ്തി, ഫുട്ബോള്‍ മത്സരങ്ങളും കോട്ടത്തറ യുവശക്തിയില്‍ വോളിബാള്‍ മത്സരവും നടക്കും. സംസ്ഥാന യുവജനക്ഷേമ ബോർഡംഗം ഷബീർ അലി മത്സരം ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി ആലക്കമുറ്റം, സ്ഥിരംസമിതി അധ്യക്ഷൻ ഷാജഹാൻ കോവ തുടങ്ങിയവർ സംസാരിച്ചു.