വയനാട് ബദൽപാതയായ പൂഴിത്തോട്– പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് 
പ്രക്ഷോഭം ശക്തമാക്കി ജനകീയ കർമ്മസമിതി. ഈ മാസം ഏഴിന് വയനാട് ചുരത്തിൽ ഏകദിന സത്യാഗ്രഹവും പദയാത്രയും നടത്തും. 
പ്രാഥമിക ഡിപിആർ സമർപ്പിക്കാനുള്ള നടപടികൾ അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ചാണ് സമരം.
പടിഞ്ഞാറത്തറയിൽ നിന്നും പൂഴിത്തോട് വരെ 27 കിലോമീറ്റർ ആണ് ദൂരം.  കോഴിക്കോട് - വയനാട് ജില്ലയുമായി ഏഴു കിലോമീറ്റർ മാത്രമാണ് വനഭൂമിയുള്ളത്. 28 വർഷം മുൻപ് നിർമ്മാണം തുടങ്ങി ഈ പാതയുടെ 70 ശതമാനവും പൂർത്തീകരിച്ചെങ്കിലും വനംവകുപ്പിന്റെ സാങ്കേതിക തടസ്സം മൂലം റോഡ് പ്രവർത്തി നിലച്ചു. റോഡിനായുള്ള ജിപിഎസ് സാധ്യത പഠനം നേരത്തെ പൂർത്തിയാക്കിയിരുന്നു. പിന്നാലെ  പദ്ധതിക്കായി തയ്യാറാക്കിയ ഡി പി ആർ ഒക്ടോബർ മാസം സമർപ്പിക്കാൻ വനവകുപ്പ് മന്ത്രി പ്രഖ്യാപിച്ചെങ്കിലും നാലുമാസം പിന്നിട്ടിട്ടാണ് സമർപ്പിച്ചത്. കടന്നുവരുന്ന തെരഞ്ഞെടുപ്പും മഴക്കാലവും എല്ലാം ഇനി പ്രവർത്തനങ്ങളെ ബാധിക്കും എന്ന ഭീതിയിലാണ് പ്രദേശത്തെ ജനങ്ങൾ.
രണ്ടു മോഡൽ ഓഫീസർമാരെ നിയോഗിച്ചെങ്കിലും കാര്യങ്ങൾ ഏകോപിക്കാനോ ഗൗരവത്തോടെ വിഷയത്തിൽ ഇടപെടാനോ തയ്യാറായിട്ടില്ല എന്നും ആക്ഷേപമുണ്ട് .ജനകീയ കർമ്മസമിതി നടത്തുന്ന റിലേ സമരം 1133 ദിവസം പിന്നിടുന്ന ഫെബ്രുവരി ഏഴിന് ശനിയാഴ്ച പദയാത്ര സംഘടിപ്പിക്കുന്നത്. രാവിലെ 10 30 ന് കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ ടി സിദ്ദിഖ് പദയാത്ര ഉദ്ഘാടനം ചെയ്യും.  ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പത്മശ്രീ ചെറു ചെറുവയൽ രാമൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന യോഗത്തിൽ ജനപ്രതിനിധികളും മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രതിനിധികളും പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പാതയുടെ പ്രവർത്തനങ്ങളിൽ ആശാവകമായ പുരോഗതി ഉണ്ടായില്ലെങ്കിൽ സമരം സെക്രട്ടറിയേറ്റിനു മുന്നിലേക്ക് വ്യാപിക്കുമെന്ന് ഇവർ കൂട്ടിച്ചേർത്തു. സമിതി ചെയർമാൻ ശകുന്തള ഷണ്മുഖൻ, വൈസ് ചെയർമാൻ വികെ ബിനു ,ട്രഷറർ സി കെ ആലിക്കുട്ടി,  എക്സിക്യൂട്ടീവ് അംഗം യു.സി ഹുസൈൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.