മീനങ്ങാടി പഞ്ചായത്തിലെ നെല്ലിച്ചോട് കളരിക്കല്‍ സുജീഷിന്റെ വീട് തീപിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് ഉച്ചക്ക് 1:30 ഓടെയാണ് തീ പിടിച്ചത്. ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, കുട്ടികളുടെ പഠനോപകരണങ്ങള്‍, രേഖകള്‍ എന്നിവ ഒന്നടങ്കം നശിച്ചു.
സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കുടുംബാംഗങ്ങള്‍ പുറത്തുപോയി തിരികെ വരുന്നതിനിടെ തിനിടെയാണ് വീടിനുള്ളില്‍ നിന്നു കനത്ത പുക ഉയരുന്നത് കണ്ടത്. ഉടന്‍ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും, വീടിന് തീ പടര്‍ന്നത് അതിവേഗത്തിലായതിനാല്‍ അല്‍പ്പസമയത്തിനുള്ളില്‍ തന്നെ വീട് പൂര്‍ണമായി കത്തിനശിച്ചു.

വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അധികൃതര്‍, വില്ലേജ് ഓഫീസര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയതായും, തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തില്‍ വീടില്ലാതായ കുടുംബത്തിന് ആവശ്യമായ അടിയന്തര സഹായവും തുടര്‍ ഇടപെടലുകളും പഞ്ചായത്ത് ഭരണസമിതി വഴി ഉറപ്പാക്കുമെന്ന് പ്രസിണ്ടണ്ട്ശ്രീജ സുരേഷ്, വൈസ്പ്രസിഡണ്ട് സജീവന്‍ എന്നിവര്‍ അറിയിച്ചു.