കൽപ്പറ്റ: ഓൺലൈൻ ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് വാഗ്‌ദാനം ചെയ്ത് ഡൽഹി സ്വദേശിനിയിൽ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഓണ്ലൈൻ തട്ടിപ്പ് സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. വെങ്ങപ്പള്ളി സ്വദേശി അഷ്കർ
അലി(30)യെയാണ് വയനാട് സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബർ മാസമാണ് ഡൽഹി സ്വദേശിനിയെ സൈബർ തട്ടിപ്പ് സംഘം ടെലഗ്രാം വഴി ട്രെഡിംഗ് നടത്തി ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ച് ചതിയിൽ വീഴ്ത്തിയത്.
യുവതിയിൽ നിന്ന് തട്ടിപ്പിലൂടെ നേടിയ പണത്തിൽ ഒന്നര ലക്ഷം രൂപ വൈത്തിരി സ്വദേശിയായ വിഷ്ണു എന്നയാളുടെ അക്കൗണ്ടിലേക്ക് വരികയും ആ പണമടക്കം മൂന്നര ലക്ഷത്തോളം രൂപ വിഷ്ണു ചെക്ക് വഴി പിൻവലിച്ച് അഷ്കർ അലിക്ക് കൈമാറുകയായിരുന്നു. വിഷ്ണുവിനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പ് സംഘത്തിന് ഇടയിൽ പ്രവർത്തിച്ച അഷ്കർ അലി മറ്റ് പലരെയും ഇത്തരത്തിൽ തട്ടിപ്പിന് വിധേയമാക്കിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.
വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് നോർത്ത് ഇൻഡ്യയിലേക്ക് രക്ഷപ്പെട്ട അഷ്കർ അലി പിന്നീട് ബാംഗ്ലുരിലേക്ക് എത്തിയതായ സൂചനയനുസരിച്ചാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പ്രതിയെ ബാംഗ്ലൂരിലെത്തി പോലീസ് പിടികൂടിയത്. പ്രതിയുടെ ഫോണിൽ നിരവധിയാളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സൂക്ഷിച്ച് ഷെയർ ചെയ്തതായി വ്യക്തമായിട്ടുണ്ട്. അഷ്കർ അലിയിൽ നിന്നും പണം സ്വീകരിച്ച് മറ്റ് പ്രതികളെ കുറിച്ചും അന്വേഷണം നടന്നു വരുന്നു. പ്രതിയെ കൽപ്പറ്റ സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻറ്റ് ചെയ്തു. പോലീസ് സംഘത്തിൽ ASI റസാഖ് കെ, ഹാരിസ് പി, SCPO ജോജി ലൂക്ക, CPO ജിനീഷ് എന്നിവരും ഉണ്ടായിരുന്നു
Comments (0)
No comments yet. Be the first to comment!