സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള പത്തേക്കറിലെ കുടുംബങ്ങളുടെ സ്വയംസന്നദ്ധ പുനരധിവാസത്തിനു ആവിഷ്‌കരിച്ച പദ്ധതിയുടെ നിര്‍വഹണം മന്ദഗതിയെന്ന് ഗുണഭോക്താക്കള്‍ പരാതിപ്പെട്ടത്. കൈവശഭൂമി ഒഴിഞ്ഞുപോകുന്നതിന് സമ്മതപത്രവും മറ്റു രേഖകളും വനംവകുപ്പിന് കൈമാറി നാല് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി യാഥാര്‍ഥ്യമായില്ല. പദ്ധതി നടത്തിപ്പിലെ മെല്ലപ്പോക്ക് പത്തേക്കറിലെ കുടുംബങ്ങള്‍ക്ക് വിനയാകുകയാണന്ന് ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സംസ്ഥാനാവിഷ്‌കൃത പുനരധിവാസ പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്നതിന് പത്തേക്കറിലെ 59 കുടുംബങ്ങളാണ് 2021ല്‍ അപേക്ഷ നല്‍കിയത്. ഏകദേശം 50 ഏക്കര്‍ ഭൂമിയാണ് ഇത്രയും കുടുംബങ്ങളുടെ കൈവശം. രണ്ടര സെന്റ് മുതല്‍ രണ്ട് ഏക്കര്‍ വരെ ഭൂമിയുള്ളവര്‍ ഇവിടെയുണ്ട്. കൈവശഭൂമിയുടെ വിസ്തൃതി കണക്കിലെടുക്കാതെ ഓരോ ഗുണഭോക്താവിനും 15 ലക്ഷം രൂപയാണ് വനംവകുപ്പ് അനുവദിക്കേണ്ടത്.
59 കുടുംബങ്ങളിലായി 64 പേര്‍ക്കാണ് (യോഗ്യതാകുടുംബങ്ങള്‍) 15 ലക്ഷം രൂപ വീതം ലഭിക്കുന്നതിന് അര്‍ഹത.പദ്ധതി പ്രഖ്യാപിച്ചതോടെ പത്തേക്കറിലെ കുടുംബങ്ങള്‍ കൈവശഭൂമിയില്‍ കാര്‍ഷിക ജോലികള്‍ നിര്‍ത്തിവച്ചിരുന്നു. നിലവില്‍ കാടുപിടിച്ചിരിക്കയാണ് മുഴുവന്‍ കുടുംബങ്ങളുടെയും ഭൂമി. പരിപാലനത്തിന്റെ അഭാവത്തില്‍ ഭൂമിയില്‍നിന്നുള്ള ആദായവും നിലച്ചു.വയോധികരും വിവാഹപ്രായമെത്തിയ ചെറുപ്പക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നതാണ് പത്തേക്കറിലെ മിക്ക കുടുംബങ്ങളും. പദ്ധതി നിര്‍വഹണം വൈകുന്നത് ഇവരെയെല്ലാം ആശങ്കയിലാക്കുകയാണ്. 15 ലക്ഷം രൂപ വീതം ലഭിച്ചാലും ഈ തുക മറ്റിടങ്ങളില്‍ ഭൂമി വാങ്ങി ഭവന നിര്‍മാണം നടത്താന്‍ പര്യാപ്തമാകില്ലെന്ന ചിന്തയും കുടുംബങ്ങളില്‍ അലോസരം സൃഷ്ടിക്കുകയാണ്.
പദ്ധതി നിര്‍വഹണം വേഗത്തിലാക്കുന്നതിനു മുഖ്യമന്ത്രി, വനം മന്ത്രി, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഫലം ഉണ്ടായില്ലെന്ന് ഇവര്‍ പറഞ്ഞു. പുനരധിവാസം ഉടന്‍ നടത്തുന്നതിനൊപ്പം ഓരോ കുടുംബത്തിനുമുള്ള തുക 20 ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പത്തേക്കേറിലെ കെ.കെ. ഭാസ്‌കരന്‍, എം.എം. സലിം, ഇ.ജെ. സണ്ണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
No comments yet. Be the first to comment!