പനമരം ടൗണിലെ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലാണ് വെളിച്ചമില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.  പണം അടയ്ക്കാത്തതിനാല്‍ കെഎസ്ഇബി ഫ്യൂസ് ഊരിയതിനാലാണ് ടൗണിനു നടുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും പരിസരവും ഇരുട്ടിലായത്. നാലുമാസമായി ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ വിളക്കണഞ്ഞിട്ടും വെളിച്ചമെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധങ്ങള്‍ക്കിടയാക്കുകയാണ്.

ഒരു വര്‍ഷം മുന്‍പാണ് അപകടക്കെണിയിലായ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനുള്ളിലെ കാത്തിരിപ്പു കേന്ദ്രം സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ പുനര്‍ നിര്‍മിച്ചത്. നിര്‍മാണ വേളയില്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഹൈ വോള്‍ട്ടേജുള്ള ലൈറ്റുകള്‍ സ്ഥാപിച്ചതിനാല്‍ ഓരോ മാസവും വന്‍തുക വൈദ്യുതി ചാര്‍ജായി വന്നതോടെ പഞ്ചായത്തിന് തുക അടയ്ക്കാന്‍ പറ്റില്ലെന്ന സ്ഥിതിയായി. ഇതെത്തുടര്‍ന്നാണ് നാലുമാസം മുന്‍പ് ഇതിലേക്കുള്ള വൈദ്യുതി വിഛേദിച്ചതെന്നാണ് പറയപ്പെടുന്നത്.

ബസ് സ്റ്റാന്‍ഡിന്റെ ഓരത്ത് ഹൈമാസ് ലൈറ്റ് ഉണ്ടെങ്കിലും ഇത് ഒരു മാസത്തോളമായി പൂര്‍ണമായും പണിമുടക്കിയിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ കൂടി അടച്ചു കഴിഞ്ഞാല്‍ ബസ് സ്റ്റാന്‍ഡ് പരിസരമാകെ ഇരുട്ടിലാവുകയാണ്. അതിനാല്‍ രാത്രി കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് കാത്ത് ഇരിക്കണമെങ്കില്‍ കൈവശം ഒരു ടോര്‍ച്ചു കൂടി കരുതേണ്ട അവസ്ഥയാണ്.

കാത്തിരിപ്പു കേന്ദ്രത്തില്‍ വെളിച്ചമില്ലാത്തതിനാല്‍ ഇവിടെ എത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഏറെ ഭീതിയിലാണ്. അതിനാല്‍ എത്രയും പെട്ടെന്ന് കാത്തിരിപ്പു കേന്ദ്രത്തില്‍ വെളിച്ചം എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.