തരിയോട് ഗ്രാമപഞ്ചായത്തിലെ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരും എഐവൈഎഫ് പ്രവർത്തകനും കോൺഗ്രസിൽ ചേർന്നു. വയനാട് ഡിസിസിയിൽ നടന്ന യോഗത്തിൽ പ്രവർത്തകരെ നേതാക്കൾ ഷാൾ അണിയിച്ച് സ്വീകരിച്ചു. അഭിപ്രായ ഭിന്നതകളാണ് പാർട്ടി വിടാൻ കാരണമെന്ന് നേതാക്കൾ പറഞ്ഞു.

സിപിഐഎം പത്താം മൈൽ ബ്രാഞ്ച് സെക്രട്ടറിയും തരിയോട് ലോക്കൽ കമ്മിറ്റി മെമ്പറുമായ നോയൽ റോജർ ജോസ്, സിങ്കോണ ബ്രാഞ്ച് സെക്രട്ടറി അഗസ്റ്റിൽ തെക്കിലക്കാട്ട്, എഐവൈഎഫ് മെമ്പർ എംആർ വൈശാഖ്  എന്നിവരാണ് കോൺഗ്രസിൽ  ചേർന്നത്. ഡിസിസി ഓഫീസില്‍ എത്തിയ നേതാക്കളേയും പ്രവര്‍ത്തകരെയും കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്, ഡിസിസി പ്രസിഡന്റ് ടി ജെ ഐസക്ക് എന്നിവർ ചേർന്ന് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

പാർട്ടിയിൽ നിന്നുണ്ടായ തിക്താനുഭവങ്ങളും അഭിപ്രായ ഭിന്നതകളുമാണ് കോൺഗ്രസിൽ ചേരാൻ കാരണമായതെന്ന്  രാജിവച്ചവർ പറഞ്ഞു.സിപിഐഎം തീവ്ര വലതുപക്ഷത്തിലും , കോൺഗ്രസ് ജനങ്ങളുടെ കൂടെ ചേർന്ന് യഥാർത്ഥ ഇടതുപക്ഷത്തിലും നിലയുറപ്പിച്ച സാഹചര്യമാണ് കേരള രാഷ്ട്രീയത്തിലുള്ളതെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് പറഞ്ഞു.

ഡിസിസി പ്രസിഡൻറ് ടി.ജെ ഐസക്ക്,  കെപിസിസി അംഗം പി.പി ആലി, തരിയോട് മണ്ഡലം പ്രസിഡണ്ട് സാജി , ഡിസിസി സെക്രട്ടറി സി ജയപ്രസാദ് 
കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജിൻസി സണ്ണി , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ പൊടിമറ്റം എന്നിവർ സംബന്ധിച്ചു. അതേസമയം  കോൺഗ്രസിൽ ചേർന്നവരെ പാർട്ടി വിരുദ്ധ പ്രവർത്തനം  നടത്തിയതിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്ന് സിപിഎം അറിയിച്ചു.