കല്‍പ്പറ്റ : പുതുവത്സരത്തില്‍  മുഖഛായ മാറ്റി വയനാട് കളക്ടറേറ്റ്. ദിവസേന നൂറുകണക്കിന് പൊതുജനങ്ങളെത്തുന്ന കളക്ടറേറ്റിന്റെ പ്രധാനഭാഗം സൗന്ദര്യവത്കരിച്ച് ഘടനാപരമായ മാറ്റം വരുത്തിയാണ് പുത്തന്‍ മാതൃക ഒരുക്കിയത്.  പ്രാദേശികവും പരിസ്ഥിതി സൗഹൃദവുമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് നവീകരണം സാധ്യമാക്കിയത്.

ശുചിത്വമിഷന്‍, പൊതുമരാമത്ത് വകുപ്പ്, സഹ്യ ബാംബൂ, വൈത്തിരി കാനറാ ബാങ്ക്, ജില്ലാ നിര്‍മിതി കേന്ദ്ര എന്നിവയുടെ നേതൃത്വത്തില്‍ സി.എസ്.ആര്‍ ഫണ്ട് വിനിയോഗിച്ചാണ് നവീകരണം പൂര്‍ത്തീകരിച്ചത്. പദ്ധതിയുടെ ഭാഗമായി മുള ഉപയോഗിച്ചുള്ള പാറ്റേണ്‍ വാള്‍ പാനലിങ്, പ്രകൃതിദത്ത ഉത്പന്നങ്ങളാലുള്ള ഡിസൈനുകള്‍, പെയിന്റിങ്, ലൈറ്റഇങ് എന്നിവ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശന സെന്ററിലെത്തുന്നവര്‍ക്ക് വായിക്കാന്‍ പുസ്തകങ്ങള്‍, പത്രങ്ങള്‍ എന്നിവ മിനി പബ്ലിക് ലൈബ്രറിയില്‍ ലഭ്യമാകും. കസേരകള്‍, മേശകള്‍, ഫര്‍ണിച്ചറുകള്‍, സൈന്‍ ബോര്‍ഡുകള്‍, അലങ്കാരസസ്യങ്ങള്‍  എന്നിവയും സെന്ററില്‍ സജ്ജീകരിച്ചിട്ടുണ്ട്. 
നവീകരിച്ച പ്രവേശന ഏരിയ, ഓപ്പണ്‍ ലൈബ്രറി, മുലയൂട്ടല്‍ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വഹിച്ചു. ആവശ്യങ്ങള്‍ക്കായി വിവിധ ഓഫീസുകളിലെത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും സൗഹാര്‍ദപരമായ അന്തരീക്ഷം ഒരുക്കുകയാണ് ജില്ലാ ഭരണകൂടമെന്ന് കളക്ടര്‍ പറഞ്ഞു.

ടൂറിസം ഭൂപട പ്രദര്‍ശനത്തിലൂടെ സാംസ്‌കാരികവും വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഡിജിറ്റല്‍ ഡിസ്‌പ്ലൈ, സൈന്‍ ബോര്‍ഡ് എന്നിവ കളക്ടറേറ്റില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് സഹായമാകും. മിനി ലൈബ്രറിയിലൂടെ എല്ലാ പൗരന്മാരിലും വിദ്യാഭ്യാസത്തിനും സാക്ഷരതയ്ക്കും പ്രോത്സാഹനം  ഉറപ്പാക്കുകയാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം. പ്രാദേശികവും പരിസ്ഥിതി സൗഹൃദവുമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് നവീകരണം സാധ്യമാക്കിയത്. അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, എ.ഡി.എം ഇന്‍-ചാര്‍ജ് കെ. മനോജ് കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ വി.കെ ഷാജി, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പിലെ  ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.