അമ്പലവയല്‍: അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലിക്ക് ഇന്ന് തുടക്കം. കേരള കാര്‍ഷിക സര്‍വ്വകലാശാല,  കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പൂപ്പൊലി ഇന്ന് ആരംഭിക്കും. മേളയുടെ ജില്ലാതല ഉദ്ഘാടനം അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നാളെ (ജനുവരി 2) വൈകിട്ട് നാലിന് കാര്‍ഷിക വികസന -കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു മുഖ്യപ്രഭാഷണം നടത്തും.  ജനുവരി 15 വരെയാണ് പൂപ്പൊലി അരങ്ങേറുക.

മേളയുടെ  പ്രവേശനോദ്ഘാടനം ഇന്ന് (ജനുവരി 1) രാവിലെ 9 ന്  അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി കൃഷ്ണകുമാര്‍ നിര്‍വ്വഹിക്കും. വര്‍ണ്ണ പുഷ്പങ്ങളുടെയും അലങ്കാര സസ്യങ്ങളുടെയും വൈവിധ്യമാര്‍ന്ന ഉദ്യാനമാണ് മേളയുടെ സവിശേഷത. പെറ്റൂണിയ, ഡാലിയ, ആസ്റ്റര്‍, ഡയാന്തസ്, മാരിഗോള്‍ഡ്, സൂരയകാന്തി, സീനിയ, കോസ്‌മോസ്, ഫ്‌ലോക്‌സ്സ്, ലിലിയം, പാന്‍സി, സാല്‍വിയ, വെര്‍ബിന, ഗോംഫ്രീന, സ്റ്റോക്ക്, കലന്‍ഡുല, പൈറോസ്റ്റിജിയ തുടങ്ങിയ പുഷ്പങ്ങളും ഡ്രസീന, കാലിഷ്യ, സെബ്രീന, റിയോ, സെഡം തുടങ്ങിയ അലങ്കാര ചെടികളും മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.വിവിധ പുഷ്പാലങ്കാര മാതൃകകള്‍. ഫ്‌ലോറല്‍ ക്ലോക്ക്, ഭക്ഷ്യയോഗ്യമായ സസ്യങ്ങളുടെ അലങ്കാരോദ്യാനം, ടോപ്പിയറികള്‍, ഫ്‌ലോട്ടിങ് ഗാര്‍ഡന്‍, മെലസ്റ്റോമ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, പലതരം റൈഡുകളും പൂപ്പൊലിയിലുണ്ടാവും.

മലയോര മേഖലയിലെ കാര്‍ഷിക പ്രശ്നങ്ങളും ആനുകാലിക പ്രസക്തമായ വിഷയങ്ങളും ഉള്‍പ്പെടുത്തി വിദഗ്ദ്ധ നയിക്കുന്ന കാര്‍ഷിക ശില്പശാലകള്‍,  സെമിനാറുകള്‍,കാര്‍ഷിക ക്ലിനിക്കുകള്‍  എന്നിവ മേളയുടെ ഭാഗമായി നടക്കും. നൂതന സാങ്കേതിക വിദ്യ പരിചയപ്പെടല്‍,  മികച്ചയിനം നടീല്‍ വസ്തുക്കള്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശന-വിപണന മേളയും സജ്ജമാക്കിയിച്ചുണ്ട്.  സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍,  കര്‍ഷകര്‍ എന്നിവരുടെ സ്റ്റാളുകള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. പൂപ്പൊലിയുടെ ഭാഗമായി സായാഹ്നങ്ങളില്‍ ദീപാലങ്കാരങ്ങളും കലാപരിപാടികളും ഉണ്ടാവും.

ജില്ലാതല ഉദ്ഘാടനത്തില്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷനാവും. എം.പി പ്രിയങ്ക ഗാന്ധി, എം.എല്‍.എമാരായ ടി.സിദ്ദീഖ്, ജി.എസ്. ജയലാല്‍, പി.പി. സുമോദ്, സനീഷ് കുമാര്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ടി ഹംസ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ റസീന അബ്ദുള്‍ ഖാദര്‍, പ്രസന്ന ശശീന്ദ്രന്‍,  ടി.എസ്. ദിലീപ് കുമാര്‍, മീനാക്ഷി രാമന്‍, കെ.കെ. ഹനീഫ, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറും കാര്‍ഷികോത്പാദന കമ്മീഷണറും കൃഷിവകുപ്പ്  പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. ബി. അശോക്, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ബിനു പി ബോണി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.