വയനാട്ടിലെ നിർധനരായ നാലു കുടുംബങ്ങൾക്ക് വീടൊരുക്കി പ്രൊജക്ട് വിഷൻ്റെ കൈത്താങ്ങ്. കാവുമന്ദത്തെ ഷിനി ജോസഫ്, പിണങ്ങോടിലെ തയ്യിൽ ബീപാത്തു, പടിഞ്ഞാറത്തറയിലെ ലിസ്സി, കണിയാമ്പറ്റ അരിഞ്ചേർമലയിലെ റസീന സൈതലവി എന്നിവരുടെ കുടുംബങ്ങൾക്കാണ് പ്രൊജക്ട് വിഷൻ തണലൊരുക്കിയത്. നോർത്തേൻ കാലിഫോർണിയയിലെ മലയാളി അസോസിയേഷൻ്റെ സഹായത്തോടെയാണ് ഈ നാല് വീടുകളുമൊരുക്കിയത്. ടി. സിദ്ദീഖ് എംഎൽഎ മുഖാന്തരം നൽകിയ അപേക്ഷ പരിഗണിച്ചാണ് വീടിന് അർഹരായ കുടുംബങ്ങളെ കണ്ടെത്തിയത്.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ പ്രൊജെക്ട് വിഷൻ കേരളത്തിൽ 200 -ഓളം വീടുകളാണ് നിർമിച്ചു നൽകിയിട്ടുള്ളത്. ഇതിൽ വയനാട്ടിൽ ഒരുക്കുന്ന 40-ാംമത്തെ വീടാണ് അരിഞ്ചേർമലയിലേത്. 2018-ലെ പ്രളയകാലം മുതൽ വയനാട്ടിൽ വിവിധ സേവന രംഗത്ത് സജീവമായ സംഘടന പനമരത്ത് 214 താല്കാലിക ഷെൽട്ടറൊരുക്കി നൽകിയിരുന്നു. കൂടാതെ വിദ്യാഭ്യാസ ധനസഹായങ്ങളും, കൊവിഡ് കാലത്ത് ടെലിവിഷൻ, മാസ്ക്, സാനിറ്റൈസർ തുടങ്ങി വിവിധ സഹായങ്ങൾ നൽകുകയുണ്ടായി.

വീട്ടിൻ്റെ താക്കോൽ ദാന ചടങ്ങിൽ പ്രൊജക്ട് വിഷൻ പ്രൊജക്ട് ഷെൽട്ടർ ഡയറക്ടർ ഫാ. ജോർജ് കണ്ണന്താനം, നാഷ്ണൽ കോഡിനേറ്റർ ഷിബു ജോർജ്,  നോർത്തേൻ കാലിഫോർണിയയിലെ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സിജിൽ പലകലോഡി, പ്രൊജക്ട് വിഷൻ ജില്ലാ കോഡിനേറ്റർ റഷീന സുബൈർ, പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ. അസ്മ, കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. യൂസഫ്, തരിയോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി തുടങ്ങിയവർ സംബന്ധിച്ചു.