കല്‍പ്പറ്റ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഡിസംബര്‍ 11 ന് ജില്ലയില്‍ പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൊതു അവധിയും 1881 ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം എല്ലാ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടു കൂടിയ അവധിയും നല്‍കും. വോട്ടെടുപ്പ് നടക്കുന്ന തദ്ദേശ മണ്ഡലത്തിലെ വോട്ടര്‍മാരായ മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്    പ്രത്യേക അവധി അനുവദിക്കും. അവധിക്ക് അപേക്ഷിക്കുന്ന ജീവനക്കാര്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കണം. വാണിജ്യ, വ്യാപാര, വ്യാവസായിക സ്ഥാപനങ്ങള്‍,  സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന   ജീവനക്കാര്‍ക്ക് സ്ഥാപന ഉടമകള്‍ തെരഞ്ഞെടുപ്പ് ദിവസം അവധി അനുവദിക്കണം.  1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ സെക്ഷന്‍ 145 അയും 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷന്‍ 202 അ  പ്രകാരം അവധി ദിനത്തില്‍  വേതനം കുറവ് വരുത്തരുത്.  ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ഐ.ടി. മേഖല, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന എല്ലാ സ്വകാര്യ സംരംഭങ്ങളിലും പോളിങ് ദിവസം ശമ്പളത്തോടെ അവധി പ്രഖ്യാപിക്കാന്‍ ലേബര്‍ കമ്മീഷണര്‍ നടപടി സ്വീകരിക്കും. വോട്ടെടുപ്പ് നടക്കുന്ന  നിയോജക മണ്ഡലത്തിലെ വോട്ടര്‍മാര്‍  നിയോജകമണ്ഡലത്തിന് പുറത്തുള്ള  വ്യവസായ സ്ഥാപനങ്ങളില്‍  ജോലി ചെയ്യുന്ന ദിവസ വേതനക്കാര്‍/ ദിവസ വേതന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും വോട്ടെടുപ്പ് ദിവസം ശമ്പളത്തോടുകൂടിയ അവധി ആനുകൂല്യം നല്‍കണം.