കല്‍പ്പറ്റ: ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജി ആന്‍ഡ് വൈല്‍ഡ്ലൈഫ് ബയോളജി സംഘടിപ്പിക്കുന്ന വയനാട് പക്ഷിമേളയ്ക്ക് കല്‍പ്പറ്റ പുലിയാര്‍മലയില്‍ തുടക്കമായി. മൂന്ന് ദിവസങ്ങിലായി നടക്കുന്ന മേളയ്ക്ക് കാട്ടുനായ്ക്ക ഭാഷയിലെ 'ഹെക്കി ബണക്കു' എന്നാണ്  പേരിട്ടിരിക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തുംനിന്നായി 300 ഓളം പ്രതിനിധികളാണ് മേളയില്‍ പങ്കെടുക്കുന്നത്. ഇന്ത്യയുടെ പക്ഷിമനുഷ്യന്‍ എന്നറിയപ്പെടുന്ന ഡോ.സാലിം അലിയുടെ സ്മരണാര്‍ഥമാണ് മേള സംഘടിപ്പിക്കുന്നത്.  പക്ഷി വൈവിധ്യം, അവ നേരിടുന്ന സംരക്ഷണ പ്രശ്നങ്ങള്‍, കാലാവസ്ഥാവ്യതിയാനം പക്ഷികളുടെ ജീവിതത്തിലും ദേശാടനത്തിലും പ്രജനനത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് മേളയിലെ പ്രധാന ഭാഗം. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നും  മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പക്ഷി നിരീക്ഷകരുടെ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിന്നുണ്ട്. പ്രഥമമേളയുടെ ഔദ്യോഗിക ഉദ്ഘാടനം കല്‍പ്പറ്റ എംഎല്‍എ അഡ്വ. ടി സിദ്ദിഖ് നിര്‍വഹിച്ചു. പ്രകൃതിയുടെ വളര്‍ച്ചയിലും പ്രകൃതിയുടെ സംസ്‌കാര രൂപവല്‍ക്കരണത്തിലും  പക്ഷികള്‍ വഹിക്കുന്ന പങ്കു വലുതാണെന്നും, ഭൂമിയുടെ താളത്തെ നിലനിര്‍ത്താന്‍ പക്ഷികള്‍ നടത്തുന്ന സ്വാധീനം ചെറുതല്ലന്നും അദ്ദേഹം പറഞ്ഞു.ഹ്യൂം സെന്റര്‍ ഉപദേശകന്‍ ജി ബാലഗോപാല്‍ ചടങ്ങില്‍ അധ്യക്ഷനായി.  കേരള വനം വകുപ്പ് മേധാവി ഡോ. പ്രമോദ് ജി കൃഷ്ണന്‍ മുഖ്യാതിഥിയായി. ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അനില്‍കുമാര്‍, സി ശശികുമാര്‍, എഴുത്തുകാരന്‍ ഒ കെ ജോണി, ഡയറക്ടര്‍ സി കെ വിഷ്ണുദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.