കല്‍പ്പറ്റ : മുണ്ടക്കൈ  ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളില്ല.ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രത്തോട് നിലപാട് അറിയിക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനായി മൂന്നാഴ്ചത്തെ സാവകാശമാണ് കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടത്. ഡിസാസ്റ്റര്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ടിട്ടുള്ള ചില ചട്ടങ്ങള്‍ ഭേദഗതിപ്പെടുത്തിയത് കൊണ്ട് വായ്പകള്‍ എഴുതി തള്ളുക എന്നുള്ളത് പ്രയാസമുള്ള കാര്യമായിരിക്കും എന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോല്‍ കേന്ദ്രം കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ്ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്നാണ് നിലപാട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്‍കി.വായ്പ എഴുതി തള്ളുന്നതില്‍ കേന്ദ്രം തീരുമാനം അറിയിക്കാത്തതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ ഇടപെടല്‍. ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് നേരത്തെതന്നെ ഉന്നയിക്കപ്പെട്ടിരുന്ന വിഷയമാണ്. 12 ബാങ്കുകളില്‍നിന്നായി 32.3 കോടിയോളം രൂപയുടെ വായ്പയാണുള്ളത്.