കല്‍പ്പറ്റ:  നിക്ഷിപ്ത വനഭൂമി ഭൂമിയെന്നാരോപിച്ച് 1976ല്‍ വനം വകുപ്പ് കാഞ്ഞിരങ്ങാട് വില്ലേജില്‍ പിടിച്ചെടുത്ത 12 ഏക്കര്‍ ഭൂമി തിരികെ കിട്ടുന്നതിന് കാഞ്ഞിരത്തിനാല്‍ കുടുംബം നടത്തുന്ന പോരാട്ടത്തില്‍ വഴിത്തിരിവ്. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ലാന്‍ഡ് റവന്യു കമ്മീഷണര്‍ മുഖേന റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പുതുക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ഏറെ അകലെയല്ല എന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. സ്വകാര്യ കമ്പനിയില്‍ നിന്നും കാഞ്ഞിരത്തിനാല്‍ കുടുംബം 1967ല്‍ വിലയ്ക്കു വാങ്ങിയ കൃഷിയിടമാണ് വനം വകുപ്പ് പിടിച്ചെടുത്തത്. ഇത് വീണ്ടെടുക്കുന്നതിന് കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ കളക്ടറേറ്റ് പടിക്കല്‍ 2015 ഓഗസ്റ്റ് 15 മുതല്‍ സത്യഗ്രഹം നടത്തിവരികയാണ്.

കാഞ്ഞിരങ്ങാട് വില്ലേജില്‍ സര്‍വേ നമ്പര്‍ 238ല്‍ വിവിധ സബ്ഡിവിഷനുകളില്‍ നോട്ടിഫിക്കേഷന്‍ പ്രകാരം ഏറ്റെടുത്ത നിക്ഷിപ്ത വനഭൂമിയും കൃഷിസ്ഥലവും ഉള്‍പ്പെടുന്നുണ്ടെന്നും എന്നാല്‍ വെസ്റ്റഡ് ഫോറസ്റ്റ് നോട്ടിഫിക്കേഷന്‍ നമ്പര്‍ വനം വകുപ്പില്‍നിന്നു ലഭ്യമാക്കേണ്ടതുണ്ടെന്നും പുതുക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍നിന്നു പിടിച്ചെടുത്ത 12 ഏക്കര്‍ സ്ഥലവും തൊട്ടടുത്ത് വെസ്റ്റഡ് ഫോറസ്റ്റും തമ്മില്‍ രണ്ട് കിലോമീറ്റര്‍ ദൂരവ്യത്യാസമുണ്ടെന്ന് കളക്ടര്‍ നേരത്തേ അയച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതുക്കിയ റിപ്പോര്‍ട്ടില്‍  ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്.
കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്നതടക്കം കാഞ്ഞിരങ്ങാട് വില്ലേജില്‍ സര്‍വേ നമ്പര്‍ 238/1ല്‍ പലഭാഗങ്ങളിലായി 27.60 ഏക്കര്‍ ഭൂമി വനം വകുപ്പ് ഏറ്റെടുത്തായി മുന്‍ കളക്ടര്‍ ഡോ.രേണുരാജ് 2023 നവംബര്‍ 16നും 2024 മെയ് മൂന്നിനും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മുഖേന റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കാഞ്ഞിരത്തിനാല്‍ കുടുംബം അവരുടേതെന്നു വാദിക്കുന്ന ഭൂമിയുടെ പടിഞ്ഞാറേ അതിര് തോടും മറ്റ് അതിരുകള്‍ സ്വകാര്യ കൃഷിഭൂമികളുമാണെന്നും 11.25 ഏക്കറാണ് വനം വകുപ്പ് പിടിച്ചെടുത്തതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിലവിലെ കളക്ടറുടെ റിപ്പോര്‍ട്ട് തേടിയത്. ആദ്യത്തേതില്‍ വിട്ടുപോയ കാര്യങ്ങളും ചേര്‍ത്താണ് പുതിയ റിപ്പോര്‍ട്ട് തയാറാക്കിയത്.


സ്വകാര്യകമ്പനിയുടെ പേരിലായിരുന്ന  1741.76 ഏക്കറില്‍ കാഞ്ഞിരങ്ങാട് വില്ലേജിലെ സര്‍വേ നമ്പര്‍ 238/ലെ 393.23 ഏക്കര്‍ ഭൂമി  ഉള്‍പ്പെടും. ഇതില്‍പ്പെട്ടതാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ കൈവശത്തിലായിരുന്ന 12 ഏക്കര്‍. 880.6 ഏക്കറാണ് സര്‍വേ നമ്പര്‍ 238ന്റെ ഒട്ടളവ്. ഈ ഭൂമിയില്‍ വെസ്റ്റഡ് ഫോറസ്റ്റ് നോട്ടിഫിക്കേഷനില്‍ പറയുന്ന അതിര്‍ത്തിക്കുള്ളില്‍ വനം വകുപ്പ് അവകാശപ്പെടുന്ന 27.6 ഏക്കറില്‍ വരുന്നതാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ കൈവശത്തിലായിരുന്ന 12 ഏക്കര്‍. വനം വകുപ്പ് നോട്ടിഫിക്കേഷനില്‍ പറഞ്ഞ ഭൂമി ഏതാണെന്ന ഡിജിറ്റല്‍ സര്‍വേയില്‍ കണ്ടെത്തേണ്ടതുണ്ട്. കാഞ്ഞിരങ്ങാട് വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ നടന്നുവരികയാണ്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ കൈവശത്തിലുള്ള 12 ഏക്കറില്‍ 75 സെന്റ് കൃഷിഭൂമിയാണെന്ന് 1985 ഫെബ്രുവരി 18ന് ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 75 സെന്റ് ഭൂമി വനം വകുപ്പ് ഒഴിവാക്കിയത്. അതിനാല്‍ നോട്ടിഫിക്കേഷന്‍, സ്‌കെച്ച് എന്നിവ വനം വകുപ്പില്‍നിന്നു ലഭ്യമാക്കണമെന്നു പുതുക്കിയ റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടുന്നു. നമ്പര്‍ സഹിതം നോട്ടിഫിക്കേഷനും സ്‌കെച്ചും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെടുകയും വനം വകുപ്പ് അവ ഹാജരാക്കുകയും ചെയ്യുന്നത് കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നത്തില്‍ നിര്‍ണായകമാകും. കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങളെ നേരില്‍ കേള്‍ക്കുകയും 2025 ഏപ്രില്‍ 21ന് ഭൂമി സന്ദര്‍ശിക്കുകയും ചെയ്ത കളക്ടര്‍ ഡി.ആര്‍. മേഘശ്രീ മെയ് 28ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ഭൂമി പ്രശ്നത്തില്‍ അടിയന്തര ജുഡീഷല്‍ അന്വേഷണം ശുപാര്‍ശ ചെയ്തിരുന്നു.