എടവക പഞ്ചായത്തിൽ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ 32 പരാതികൾക്ക് പരിഹാരമായി. പഞ്ചായത്ത് സ്വരാജ് ഹാളിൽ നടന്ന അദാലത്തിൽ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എഡിഎം കെ ദേവകി, സബ് കളക്ടര്‍ അതുൽ സാഗര്‍ എന്നിവരാണ് പരാതികൾ പരിഗണിച്ചത്. നേരത്തെ ഓൺലൈനായി രജിസ്റ്റര്‍ ചെയ്ത 18 പരാതികൾക്ക് പുറമേ 62 പരാതികൾ കൂടി നേരിട്ട് അദാലത്ത് വേദിയിൽ ലഭിച്ചു.

ആകെ ലഭിച്ച 80 പരാതികളിൽ 32 എണ്ണം അദാലത്തിൽ വെച്ചുതന്നെ അപേക്ഷകര്‍ക്ക് അനുകൂലമായ തീരുമാനമെടുത്ത് തീര്‍പ്പാക്കി. തുടര്‍ നടപടികൾ ആവശ്യമുള്ള പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തശേഷം തുടര്‍നടപടിക്കായി കൈമാറുകയും ചെയ്തു. വിവിധ വകുപ്പുകളിലെ ജില്ലാതല-താലൂക്ക് തല  ഉദ്യോഗസ്ഥരും, പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും അദാലത്തിൽ എത്തിയിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ഉന്നയിക്കുന്ന പരാതികൾക്ക് എത്രയും വേഗം പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും അദാലത്ത് നടത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മൂന്ന് പഞ്ചായത്തുകളിലെ അദാലത്തുകളാണ് ഇതിനോടകം പൂര്‍ത്തിയായത്.

ഭവനപദ്ധതികളിലേക്കുള്ള അപേക്ഷകൾ, മഴക്കെടുതിയിൽ തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാനുള്ള അപേക്ഷ,  സര്‍വേ ഭൂരേഖകളിലെ പിഴവുകൾ, വീടിനും പൊതുനിരത്തുകളിലും ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള അപേക്ഷകൾ, മഴവെള്ളവും മലിനജലവും കൃഷിസ്ഥലത്തേക്ക് ഒലിച്ചിറങ്ങുന്ന പ്രശ്നങ്ങൾ, പൊതുവഴിക്കും തോടുകൾക്കും സംരക്ഷണ ഭിത്തി നിര്‍മാണം, പഞ്ചായത്തിൽ നിന്ന് കെട്ടിട നമ്പര്‍ അനുവദിക്കാത്ത പ്രശ്നങ്ങൾ, റേഷൻ കാര്‍ഡ് മുൻഗണനാ പട്ടികയിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ, പൊതുസ്ഥലത്തെ കീടനാശിനി ഉപയോഗം, തെരുവ് നായ ശല്യം, റോഡിനും ബസ് സ്റ്റോപ്പിനും പൊതുശുചിമുറിക്കുമുള്ള അപേക്ഷകൾ, വന്യമൃഗശല്യം, പട്ടയം അനുവദിക്കാനുള്ള അപേക്ഷ, കുടിവെള്ള ബിൽ കുടിശ്ശിക തുടങ്ങി നിരവധി പരാതികളും അപേക്ഷകളുമാണ് അദാലത്തിന്റെ പരിഗണനയ്ക്ക് വന്നത്.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ, പഞ്ചായത്ത് അംഗങ്ങൾ, മറ്റ് പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തിൽ പങ്കെടുത്തു. അക്ഷയ സേവനങ്ങളും മെഡിക്കൽ ക്യാമ്പും അദാലത്തിന് അനുബന്ധമായി സംഘടിപ്പിച്ചിരുന്നു.