കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളില്‍പ്പെട്ടതാണെന്ന്  ജനകീയ ശാസ്ത്ര പഠനം.  മതിയായ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും അവഗണിക്കപ്പെട്ടതുകൊണ്ടുമാത്രമാണ് ഇത്രയധികം ജീവനുകള്‍ നഷ്ടമാകാനിടയായതെന്നും പഠന റിപ്പോര്‍ട്ട് വിലയിരുത്തി. കല്‍പ്പറ്റ ട്രിഡന്റ് ആര്‍ക്കേഡില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ടിന്റെ പ്രകാശനം നിര്‍വ്വഹിച്ചു.
ട്രാന്‍സിഷന്‍ സ്റ്റഡീസിന്റെയും പശ്ചിമഘട്ട സംരക്ഷണ സമിതിയുടെയും മുന്‍കൈയ്യിലായിരുന്നു പഠന സമിതി രൂപീകരിക്കപ്പെട്ടത്. പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യരെ മാത്രമല്ല, ഭൂമിയെ, ജലസ്രോതസ്സുകളെ, ജൈവവൈവിധ്യത്തെ ഒക്കെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പണത്തിന്റെ രൂപത്തില്‍ ഇവയ്ക്കൊന്നും നഷ്ടപരിഹാരം കണ്ടെത്താന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത മേധാ പട്കര്‍ അഭിപ്രായപ്പെട്ടു. ആഗോള ഉച്ചകോടികളില്‍ വികസിത രാജ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവയില്‍ നിന്ന് എന്ത് നഷ്ടപരിഹാരം ലഭിക്കണം എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, ഒരു പരമാധികാര രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്കുള്ളില്‍ എന്തുചെയ്യാന്‍ കഴിയും എന്നതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം യഥാര്‍ത്ഥ ശുപാര്‍ശകള്‍ എന്നും അവര്‍ പറഞ്ഞു.റിപ്പോര്‍ട്ട് യുഎന്‍ഇപിയില്‍ റിസ്‌ക് അനലിസ്റ്റായി പ്രവര്‍ത്തിച്ച സാഗര്‍ ധാര സാമൂഹ്യ ചിന്തകനും ആക്ടിവിസ്റ്റുമായ ജോസഫ് .സി.മാത്യുവിന് കൈമാറി. കാലാവസ്ഥാ ശാസ്ത്രജ്ഞനും കുസാറ്റ് ഫാക്കല്‍റ്റിയുമായ ഡോ.എസ് അഭിലാഷ്, ഹ്യൂം സെന്റര്‍ ഡയറക്ടറായ ഡോ.സി.കെ.വിഷ്ണുദാസ്, പത്മശ്രീ ചെറുവയല്‍ രാമന്‍, ബോട്ടണിസ്റ്റും ട്രാന്‍സിഷന്‍ സ്റ്റഡീസ് അംഗവുമായ ഡോ. സ്മിത പി .കുമാര്‍ , എം.കെ. രാംദാസ്, മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. ഡോ.കെ.ആര്‍. അജിതന്‍ റിപ്പോര്‍ട്ട് പരിചയപ്പെടുത്തി. പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാന്‍ വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍ അധ്യക്ഷനായി.