കുട്ടികളിലും കൗമാരക്കാരിലും മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഓൺലൈൻ ഗെയിമുകൾ എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ കേരള പൊലീസിന്റെ ഡി - ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ). ഇന്റർനെറ്റ് ഉപയോഗത്തിലും ഓൺലൈൻ ഗെയിമുകളിലും അമിത ആസക്തി പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് പ്രാഥമിക തലത്തിലുള്ള വിലയിരുത്തൽ, മൂല്യനിർണ്ണയം, ഡി-അഡിക്ഷൻ സേവനങ്ങൾ എന്നിവ നൽകുകയാണ് സോഷ്യൽ പോലീസിങ് ഡിവിഷൻ നടപ്പിലാക്കുന്ന ഡി - ഡാഡ് പദ്ധതിയുടെ ലക്ഷ്യം.
കുട്ടികളുടെ മാനസികവും സാമൂഹികവുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ശാസ്ത്രീയമായ ഇടപെടലുകളാണ് ഡി-ഡാഡ് വഴി നടപ്പാക്കുന്നത്. നിലവിൽ കൽപറ്റ വനിതാ സെല്ലിലാണ് ജില്ലയിൽ ഡി-ഡാഡ് സെന്റർ പ്രവർത്തിക്കുന്നത്. ഇതുവരെ അറുപതോളം കുട്ടികൾക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ററാക്ടീവ് വിദ്യാഭ്യാസ പരിപാടികൾ, ഉപകരണമുക്ത ക്യാമ്പുകൾ, അനുയോജ്യമായ ചികിത്സാ ഇടപെടലുകൾ എന്നിവ ഉൾക്കൊള്ളുന്ന ഹൈബ്രിഡ് മാതൃകയാണ് ഡി-ഡാഡ് പിന്തുടരുന്നത്. കുട്ടികളോടൊപ്പം പ്രവർത്തിക്കുന്ന മാതാപിതാക്കൾ, അധ്യാപകർ, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവർക്കും ആവശ്യമായ പ്രൊഫഷണൽ മാർഗ്ഗനിർദ്ദേശങ്ങളും കൗൺസലിങ്ങും പദ്ധതി മുഖേന ലഭ്യമാക്കും.
ഡിജിറ്റൽ അഡിക്ഷൻ പ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഓരോ ഡി-ഡാഡ് സെന്ററിലും ഒരു സൈക്കോളജിസ്റ്റും ഒരു പ്രോജക്ട് കോഓർഡിനേറ്ററും ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് സേവനം നൽകുന്നത്. നിലവിൽ പൊലീസിലെ വുമൺ സെല്ലിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഡി-ഡാഡ് പദ്ധതിയുടെ സേവനങ്ങൾ ചിരി ഹെൽപ്‌ലൈൻ നമ്പറായ 9497900200 മുഖേനയും ലഭ്യമാണ്. ഡിജിറ്റൽ ലോകത്തിന്റെ അമിത സ്വാധീനം കുട്ടികളിൽ സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിനുള്ള നിർണായകമായ ഇടപെടലായി മാറിയിരിക്കുകയാണ് ഡി-ഡാഡ്.
Comments (0)
No comments yet. Be the first to comment!